രാജയ്ക്കും ആനിക്കും എതിരെ സിപിഐ കൗൺസിലും
![d-raja-annie-raja d-raja-annie-raja](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/9/10/d-raja-annie-raja.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സിപിഐ ദേശീയ നേതൃത്വത്തിനെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിലും കനത്ത പ്രതിഷേധം. പിണറായി സർക്കാരിനെതിരെ പ്രതികരിച്ച ആനി രാജയ്ക്കും സംരക്ഷിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കും എതിരെ കൗൺസിലിലും വികാരം ഉയർന്നു. ആനിയുടെ പ്രസ്താവനയെ കൗൺസിൽ തള്ളി. വനിതാ അംഗങ്ങൾ അടക്കം അവരോടു വിയോജിച്ചു.
ഇതോടെ സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലെ വടം വലി ശക്തമായി. കേന്ദ്ര നേതൃത്വത്തോടു പ്രതികരിക്കാനുള്ള തീരുമാനത്തോടെയാണ് കേരള നേതൃയോഗത്തിലെ ചർച്ച കത്തിപ്പടർന്നതെന്നു വ്യക്തമായി. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കാൻ സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നു വൈകിട്ടു നാലിന് വാർത്താ സമ്മേളനം നടത്തും. കേന്ദ്ര നിലപാടിനെതിരെ കാനം പരസ്യമായി രംഗത്തു വരുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കേരള പൊലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്ന ആനിയുടെ പരസ്യ വിമർശനവും ആ പ്രസ്താവനയ്ക്ക് ജനറൽ സെക്രട്ടറി ഡി.രാജ നൽകിയ സംരക്ഷണവുമാണു കേരള നേതൃത്വത്തെ ചൊടിപ്പിച്ചത്. ആനിയുടെ അഭിപ്രായ പ്രകടന രീതിയെ ചോദ്യം ചെയ്തു കാനം രാജേന്ദ്രൻ അവർക്കു കത്തു നൽകിയിരുന്നു. തുടർന്നു ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ കേരളത്തിൽ നിന്നുള്ളവർ അസംതൃപ്തി വ്യക്തമാക്കി. കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായം ചോദിക്കാതെ, ഭരണം കയ്യാളുന്ന സംസ്ഥാനത്ത് വിവാദ പരാമർശം നടത്തിയത് തെറ്റായ നടപടിയാണെന്നു കേന്ദ്ര സെക്രട്ടേറിയറ്റും ദേശീയ നിർവാഹക സമിതിയും വിലയിരുത്തി. എന്നാൽ ദേശീയ നിർവാഹക സമിതിക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആനിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്ന സമീപനമായിരുന്നു രാജയുടേത്.
ദേശീയ നേതൃയോഗത്തിൽ നടന്നതും യോഗം എടുത്ത തീരുമാനവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തതോടെ രാജയെയും ആനിയെയും അംഗങ്ങൾ ചോദ്യം ചെയ്തു. ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയായ ആനിയുടെ ശൈലിക്കെതിരെ വനിതാ അംഗങ്ങളും തിരിഞ്ഞു. സ്ത്രീ സംരക്ഷണം ഇവിടെ അവതാളത്തിലാകുന്നെന്ന ആനിയുടെ അഭിപ്രായം കേരളത്തിലെ മഹിളാ സംഘത്തിനില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
സംഘടനയുടെ കേരള ഘടകത്തെ വിശ്വാസത്തിലെടുക്കാൻ ആനി തയാറായില്ലെന്ന വിമർശനമുണ്ടായി. വാർത്തകളിൽ നിറഞ്ഞു നിൽക്കാനാണ് കേരള സർക്കാരിനെ വിമർശിച്ചതെന്ന ആരോപണവും ഉയർന്നു. മിനിയാന്ന് ചേർന്ന സംസ്ഥാന നിർവാഹക സമിതിയിലും രാജയ്ക്കും ആനിക്കും എതിരെ വിമർശനം ഉയർന്നിരുന്നു. കേരള നേതൃത്വത്തിന്റെ വിയോജിപ്പ് ഔദ്യോഗികമായി തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. 27ന് കർഷകർ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനെ പിന്തുണയ്ക്കാൻ യോഗം തീരുമാനിച്ചു. വി.ചാമുണ്ണി അധ്യക്ഷത വഹിച്ചു.
English Summary: CPI against D Raja and Annie Raja over police remark