ഉദ്യോഗസ്ഥരുടെ വീഴ്ച; ചവറ കെഎംഎംഎലിന്റെ നഷ്ടം 8.9 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

Mail This Article
കൊല്ലം ∙ ടൈറ്റാനിയം ടെട്രാക്ലോറൈഡ് ഉൽപാദനത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവായ കാൽസൈൻഡ് പെട്രോളിയം കോക്കിന്റെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയതു വഴി ചവറ കെഎംഎംഎലിനു 8.9 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്. തുടർന്ന് ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടായില്ല .
ഈ വർഷം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദ ഓഡിറ്റ് റിപ്പോർട്ടിലാണു നഷ്ടക്കണക്കുകൾ അക്കമിട്ടു നിരത്തുന്നത്. പബ്ലിക് സ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡിൽ (റിയാബ്) കമ്പനി സമർപ്പിച്ച കണക്കുകൾ പ്രകാരം 2010–21 ൽ കമ്പനി 130 കോടിയിലേറെ രൂപയുടെ ലാഭമുണ്ടാക്കിയതായി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച മൂലമുണ്ടായ 8.9 കോടിയുടെ നഷ്ടം കനത്തതായി.
കഴിഞ്ഞ ജൂലൈയിലാണു പെട്രോളിയം കോക്ക് യഥാസമയം ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായതെന്ന് ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇതു മൂലം 162 മണിക്കൂറുകൾ പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. കാൽസൈൻഡ് പെട്രോളിയം കോക്ക് വാങ്ങുന്നതിനു 4 സ്വകാര്യ കമ്പനികൾക്കാണു കെഎംഎംഎൽ കരാർ നൽകിയിരിക്കുന്നത്. പ്ലാന്റ് പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ ദിവസേന 40 മുതൽ 50 ടൺ വരെ പെട്രോളിയം കോക്ക് വേണം. നിശ്ചിത അളവു വീതം ഓരോ മാസവും എത്തിക്കാൻ കരാറെടുത്ത സ്വകാര്യ കമ്പനികൾക്കു നിർദേശം നൽകുകയാണു പതിവ്.
ഓഡിറ്റ് റിപ്പോർട്ടിനെത്തുടർന്ന് പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജനറൽ മാനേജരെ മാനേജിങ് ഡയറക്ടർ ആഭ്യന്തര അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരുന്നു. ജനറൽ മാനേജരുടെ റിപ്പോർട്ടിലും ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവച്ചു. മെറ്റീരിയൽ, ഫിനാൻസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണു വൻ നഷ്ടത്തിന് ഇടയാക്കിയതെന്നായിരുന്നു കണ്ടെത്തൽ. റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർക്കു ‘വേണ്ടപ്പെട്ട’ കമ്പനികളിൽ നിന്ന് കൂടുതൽ വാങ്ങുന്നുവെന്ന പരാതി നേരത്തേ ഉയരുകയും ചെയ്തിട്ടുണ്ട്.
Content Highlights: KMML audit report