മോഡൽ മരിച്ച നിലയിൽ, ശരീരത്തിൽ മർദനമേറ്റ പാടുകൾ; ഭർത്താവ് അറസ്റ്റിൽ

Mail This Article
കോഴിക്കോട് ∙ നടിയും മോഡലുമായ പെൺകുട്ടിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർകോട് ചെറുവത്തൂർ വലിയപൊയിൽ ഷഹാന (20) ആണ് മരിച്ചത്. ഭർത്താവ് കോഴിക്കോട് അയ്യപ്പൻ കണ്ടിയിൽ ബൈത്തുൽ ഷഹീല വീട്ടിൽ സജ്ജാദിനെ (31) ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സജ്ജാദിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലം ഷഹാന തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എസിപി കെ.സുദർശനൻ പറഞ്ഞു.

സജ്ജാദും മോഡലായ ഷഹാനയും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ഒരു തമിഴ് സിനിമയിലും ഷഹാന അഭിനയിച്ചിരുന്നു. രണ്ടു മാസം മുൻപാണ് പറമ്പിൽ ബസാറിനടുത്തുള്ള വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. വ്യാഴാഴ്ച ഷഹാനയുടെ ജന്മദിനമായിരുന്നു. രാത്രി ഇരുവരും വഴക്കിടുന്ന ശബ്ദം അയൽവാസികൾ കേട്ടിരുന്നു.
പതിനൊന്നരയോടെ നിലവിളി കേട്ട് വീട്ടുടമയും അയൽവാസിയും എത്തിയപ്പോൾ സജ്ജാദിന്റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. ഇവർ അറിയിച്ചതു പ്രകാരമാണ് പൊലീസെത്തി ഷഹാനയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ മരിച്ചതായി കണ്ടെത്തിയതിനെ തുടർന്നു ബന്ധുക്കളെ അറിയിക്കുകയും അവരുടെ പരാതിയിൽ സജ്ജാദിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇന്നലെ പൊലീസും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തിയിരുന്നു. ജനലിന്റെ അഴിയിൽ ഷഹാന തൂങ്ങി മരിച്ചെന്നാണു സജ്ജാദ് മൊഴി നൽകിയതെന്ന് എസിപി പറഞ്ഞു. ഷഹാനയ്ക്കു ക്രൂരമായ മർദനം ഏറ്റിരുന്നു. ശരീരത്തിൽ പരുക്കുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഷഹാനയ്ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് സംഭവ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു.
സജ്ജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു പരിശോധനയിൽ സംശയാസ്പദമായി കണ്ട പാക്കറ്റുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അൽത്താഫാണ് ഷഹാനയുടെ പിതാവ്. മാതാവ് ഉമൈബ. സഹോദരങ്ങൾ: നദീം, ബിലാൽ.
English Summary: Actress and model Shahana found dead at Kozhikode