ഡോ. റേയ്ച്ചൽ മത്തായി അന്തരിച്ചു
Mail This Article
തിരുവനന്തപുരം ∙ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന ഡോ. റേയ്ച്ചൽ മത്തായി (96) അന്തരിച്ചു. ബെംഗളൂരുവിൽ സഹോദരന്റെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ചതിനെത്തുടർന്ന് ഡിസംബറിലാണ് കോറമംഗല സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ചികിത്സ നൽകുന്നതിനായി ബെംഗളൂരുവിൽ എത്തിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തൈക്കാട് വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലും സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു.
1984ൽ നടന്ന ബിജെപിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർപഴ്സനായിട്ടാണ് ഡോ. റേയ്ച്ചൽ മത്തായി ബിജെപിയിലെത്തുന്നത്. ആ സമ്മേളനത്തിൽ എൽ.കെ.അഡ്വാനി ദേശീയ എക്സിക്യൂട്ടീവ് അംഗമായി തീരുമാനിച്ചു. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ, ബിജെപി സംസ്ഥാന ഉപാധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2004 വരെ രാഷ്ട്രീയരംഗത്തു സജീവമായിരുന്നു. 1987ൽ കഴക്കൂട്ടത്തും 1991ൽ തിരുവനന്തപുരം നോർത്തിലും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.
മുരളി മനോഹർ ജോഷി ബിജെപി അധ്യക്ഷനായിരിക്കെ കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ജമ്മുവിൽ നിന്നു വിമാനത്തിൽ കൊണ്ടുപോയ 12 പേരിലെ ഏക വനിതയായിരുന്നു.
കൊളംബോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് അവർ എംബിബിഎസ് പാസായത്. തുടർന്ന് ഇംഗ്ലണ്ടിൽ നിന്ന് എംആർസിപിയും എഫ്ആർസിപിയും നേടി. സ്ത്രീകളുടെയും വയോധികരുടെയും പ്രശ്നങ്ങളിൽ മുൻകൈയെടുത്ത് പ്രവർത്തിച്ചു. മലയാളത്തിലും ഇംഗ്ലിഷിലുമായി ഒട്ടേറെ ലേഖനങ്ങളും നോവലും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടൂർ നെല്ലിമൂട്ടിൽ മത്തായി മുതലാളിയുടെയും തങ്കമ്മ മത്തായിയുടെയും മകളാണ്. സംസ്കാരശുശ്രൂഷ ശനിയാഴ്ച 10.30ന് ബെംഗളൂരു മഡിവാല, അഗസ്റ്റിൻ നിവാസ് ചാപ്പലിൽ. സംസ്കാരം 12ന് കൽപ്പള്ളി സെമിത്തേരിയിൽ.
English Summary: Dr. Rachel mathai passed away