ADVERTISEMENT

തൃശൂർ ∙ രാഷ്ട്രീയത്തിൽ സജീവമാകാൻ പ്രവീൺ റാണ പലതവണ ശ്രമിച്ചു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അരിമ്പൂർ പഞ്ചായത്ത് 13–ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങി. നാമനിർദേശപത്രിക കൊടുത്തപ്പോൾത്തന്നെ നാട്ടിലാകെ പോസ്റ്റർ ഒട്ടിച്ചു. പോസ്റ്റിൽ തിരഞ്ഞെടുപ്പു ചട്ടപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങൾ (അച്ചടിച്ച പ്രസ്, കോപ്പികളുടെ എണ്ണം എന്നിവ) ഇല്ലാത്തതിനെതിരെ കലക്ടർക്കു പരാതി ലഭിച്ചതോടെ പത്രിക പിൻവലിച്ച് മത്സരത്തിൽനിന്നു പിൻമാറി. സിപിഎം കുടുംബത്തിൽനിന്നുള്ള പ്രവീണിനെ എൽഡിഎഫ് നേതാക്കൾ ഇടപെട്ടാണു മാറ്റിയത്. എൽഡിഎഫിനു വേറെ സ്ഥാനാർഥിയുണ്ടായിരുന്നു. 

praveen-rana-6

2019 ൽ വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ സ്വതന്ത്രസ്ഥാനാർഥിയായി പ്രവീണെത്തി. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെയും മത്സരിച്ചു. ‘ഞങ്ങൾ സമം നിങ്ങൾ’ എന്നതായിരുന്നു പോസ്റ്ററുകളിലെ ആപ്തവാക്യം. വയനാട്ടിൽ 1102 വോട്ടും തൃശൂരിൽ 1105 വോട്ടും കിട്ടി. ലോക്താന്ത്രിക് ജനതാദളിന്റെ കലാവിഭാഗം സംസ്ഥാന കൺവീനറായി ചുമതലയേറ്റെന്നു കാണിച്ച് അരിമ്പൂരിലും കുന്നത്തങ്ങാടിയിലും പോസ്റ്ററുകളും വച്ചിരുന്നു. 

തിളങ്ങാൻ പേരുമാറ്റം

കെ.പി.പ്രവീൺ എന്ന പേര് പ്രവീൺ റാണ എന്നു മാറ്റിയതു ബിസിനസിൽ പ്രതിഛായ വർധിപ്പിക്കാനാണെന്നു റാണ പൊലീസിനോടു പറഞ്ഞു. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണു റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ‘‘യഥാർഥ കള്ളന്മാർ പുറത്തുവരും. റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി സിന്ദാബാദ്’’– വിയ്യൂരിലെ ജില്ലാ ജയിലിലേക്കു പ്രവേശിക്കുമ്പോൾ പ്രവീൺ റാണ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഡോക്ടറേറ്റിന് 15 ലക്ഷം രൂപ

സ്വന്തം േപരിനൊപ്പം ഡോക്ടർ എന്നു ചേർക്കാൻ പ്രവീൺ റാണ 15 ലക്ഷം രൂപ മുടക്കി. 10 ലക്ഷം രൂപ മുടക്കിയാണ് ആദ്യ ഡോക്ടറേറ്റ് കസഖ്സ്ഥാൻ യൂണിവേഴ്സിറ്റിയിൽനിന്ന‍ു വാങ്ങിച്ചത്. ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽനിന്നു രണ്ടാമത്തെ ഡോക്ടറേറ്റിന് 5 ലക്ഷം രൂപ മുടക്കി. ഇന്റർനാഷനൽ ബിസിനസിൽ എംബിഎ എടുത്തിട്ടുണ്ടെന്നും റാണ അവകാശപ്പെട്ടിരുന്നു. എങ്ങനെയെന്നു ചോദിച്ചവരോടു പറഞ്ഞു: ‘ഓൺലൈനായി പാസായതാണ്’! 

English Summary: Praveen Rana attempted to try luck in politics as well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com