കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കെ.സുധാകരൻ

Mail This Article
കൊച്ചി ∙ ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് പദവിയിൽനിന്നു മാറിനിൽക്കാൻ തയാറാണെന്നു കെ.സുധാകരൻ പ്രഖ്യാപിച്ചു. വ്യാജ പുരാവസ്തു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു രാജി സന്നദ്ധത വെളിപ്പെടുത്തിയത്. ‘മാറിനിൽക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ മാറും. പാർട്ടിക്കു ഹാനികരമായ ഒന്നിനും നിൽക്കാൻ ഞാൻ തയാറല്ല. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. കേസിൽ 100% നിരപരാധിയാണെന്ന ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാൻ മടിയില്ല, ഭയമില്ല, ആശങ്കയുമില്ല’ – അദ്ദേഹം പറഞ്ഞു.
കെ.സുധാകരനെ മാറ്റുന്നതിനെക്കുറിച്ചു പാർട്ടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം മാറാൻ തയാറായാൽ പോലും പാർട്ടി അനുവാദം നൽകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സുധാകരനെ ചതിച്ചു ജയിലിലടയ്ക്കാൻ പിണറായി വിജയൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽനിന്നു കുത്തില്ല. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിൽ പുതഞ്ഞു കിടക്കുന്ന സർക്കാർ മര്യാദയ്ക്കു നടക്കുന്നവരുടെ മേൽ ചെളി തെറിപ്പിക്കുകയാണ് – സതീശൻ പറഞ്ഞു.
English Summary: Will step down from KPCC president post says K Sudhakaran