ഡോ. കെ.സി.മാമ്മൻ: കോലഞ്ചേരി ആശുപത്രിയുടെ കരുത്ത്
Mail This Article
കോലഞ്ചേരി ∙ ആതുരശുശ്രൂഷാരംഗത്തു വേറിട്ട കാഴ്ചപ്പാടും പ്രതിജ്ഞാബദ്ധതയും കൊണ്ട് ശ്രദ്ധേയനായ ഡോ. കെ.സി. മാമ്മന്റെ സേവനങ്ങളായിരുന്നു കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ വളർച്ചയുടെ ആണിക്കല്ല്. ഗ്രാമീണ മേഖലയായ കോലഞ്ചേരിയിൽ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതകളോടു പടവെട്ടിയാണ് അദ്ദേഹം ആശുപത്രിയെ ഉയർത്തിക്കൊണ്ടു വന്നത്.
സ്ഥാപക സെക്രട്ടറി എം. ചാക്കോപ്പിള്ളയ്ക്കൊപ്പം ചേർന്ന് മെഡിക്കൽ മിഷൻ ആശുപത്രിയെ കേരളത്തിലെ പ്രമുഖ ആശുപത്രികളിലൊന്നാക്കി വളർത്തി. 1972ൽ അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി ഇവിടെയെത്തി സാമൂഹികാരോഗ്യ വിഭാഗം ഉദ്ഘാടനം ചെയ്തതു സ്വകാര്യ ആശുപത്രികൾ സാമൂഹിക സേവനത്തിന്റെ പാതയിലേക്ക് എത്താൻ മാർഗദർശകമായി.
കേരളത്തിൽ സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളജുകൾ അനുവദിച്ച 2001ൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സംസ്ഥാനത്ത് പൂർണതോതിൽ പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ വിഭാഗം ഉണ്ടായിരുന്നത്. ഇതിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അഭിനന്ദനവും ലഭിച്ചിരുന്നു.
ശിശുക്കളുടെ മനഃശാസ്ത്രമറിയുന്ന ഭിഷഗ്വരൻ എന്ന വിശേഷണവും ഡോ.മാമ്മനുണ്ടായിരുന്നു. കുട്ടികളോടു മാത്രമല്ല മുതിർന്നവരോടുമുള്ള സ്നേഹവും കരുതലും ചികിത്സാരംഗത്ത് മുതൽക്കൂട്ടായി. കോലഞ്ചേരി വൈഎംസിഎയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.