മാർ റാഫേൽ തട്ടിലുമായി ഡൽഹി ലഫ്. ഗവർണർ ചർച്ച നടത്തി
![vinai-kumar-saxena vinai-kumar-saxena](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/4/23/vinai-kumar-saxena.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെയും മറ്റു ബിഷപ്പുമാരെയും കാണാൻ ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന കേരളത്തിലെത്തി. കൊച്ചിയിലെത്തിയ സക്സേന, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ച് ചർച്ച നടത്തി. സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
പിന്നീട് അദ്ദേഹം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. പെരുന്നാൾദിനം കുർബാന അർപ്പിക്കാനെത്തിയതായിരുന്നു മാർ ആലഞ്ചേരി. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്ഥലത്തില്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. തുടർന്ന് പത്തനംതിട്ടയിലെത്തി ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തി.
വൈകിട്ട് തിരുവനന്തപുരത്തു രാജ്ഭവനിലെത്തിയ സക്സേന, ഔദ്യോഗിക പരിപാടി അനുസരിച്ച് ഇന്ന് രാവിലെ 10.15നു ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുമായി കൂടിക്കാഴ്ച നടത്തേണ്ടതാണ്. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപ് ഭരണ–രാഷ്ട്രീയ നേതൃത്വത്തിലെ ആരെയും കാണുന്നില്ലെന്ന നിലപാടിലാണ് അതിരൂപതാ നേതൃത്വം.
ഇന്നു വൈകുന്നേരം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം അത്താഴവിരുന്നു കഴിക്കുന്ന സക്സേന നാളെ രാവിലെ 11ന് മടങ്ങും. പുട്ടപർത്തിയിൽ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്. 27ന് അദ്ദേഹം ഡൽഹിയിലേക്ക് പോകും. വോട്ട് ഡൽഹിയിലാണ്.