ബാബുരാജ് വീണ്ടും പാടുമ്പോൾ
Mail This Article
∙ബാബുരാജ് തട്ടിൻപുറത്തിരുന്നു ഹാർമോണിയം വായിച്ച് സാധാരണ മൈക്കിൽ ലൈവായി പാടിയതു റെക്കോർഡ് ചെയ്ത രണ്ടു കസെറ്റുകൾ വടേരി ഹസ്സന്റെ കൈവശമുണ്ടായിരുന്നു. അദ്ദേഹം ആ പാട്ടുകൾ സുഹൃത്തുക്കളെ കേൾപ്പിച്ചു കഴിഞ്ഞ് തിരികെ കൊണ്ടുപോകും. പകർപ്പെടുക്കാൻ പലവട്ടം സുഹൃത്തുക്കൾ ചോദിച്ചിട്ടും കൊടുത്തില്ല. ഒടുവിൽ ‘ഗസൽധാര’യുടെ മുഖ്യസംഘാടകൻ ലത്തീഫ് സ്‌റ്റെർലിങ്ങിന്റെ നിർബന്ധത്തിനു വഴങ്ങി. ആ കസെറ്റ് സുഹൃത്തുക്കൾ വഴി പ്രചരിച്ചു. വിസ്മൃതിയിലേക്കു പോകുമായിരുന്ന പാട്ടുകൾ പിന്നീട് ‘ബാബുരാജ് പാടുന്നു’ എന്ന പേരിൽ മനോരമ മ്യൂസിക് വിപണിയിലിറക്കി.
ബാബുരാജിന്റെ ശബ്‌ദത്തിൽ വന്ന ആ പാട്ടുകൾ ആസ്വാദകരെ അമ്പരപ്പിച്ചു. യേശുദാസിന്റെയും ജാനകിയമ്മയുടെയും മറ്റും ശബ്ദത്തിൽ മലയാളി കേട്ട നിത്യഹരിത ഗാനങ്ങളുടെ അതിശയകരമായ ആലാപനഭേദങ്ങളായിരുന്നു അവ. അങ്ങനെയാണ് എം.എസ്.ബാബുരാജ് പുതുതലമുറയുടെ കൂടി പാട്ടുകാരനായത്. ബാബുരാജ് മരിക്കുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾക്കു പോലും പ്രിയപ്പെട്ട ‘ബാബുക്ക’യായത്.
കോഴിക്കോട്ടെ സമ്പന്നവീടുകളിൽ ഒരുകാലത്ത് വിവാഹാഘോഷങ്ങൾക്കു മെഹ്ഫിലുകൾ (സംഗീതസദസ്സ്) അനിവാര്യമായിരുന്നു. നിക്കാഹിനു വരൻ വരുമ്പോൾ കൂടെ ഒരു ഖവാലി സംഘമുണ്ടാകും. വധുവിന്റെ വീട്ടിലുമുണ്ടാകും മറ്റൊരു ഖവാലിസംഘം. അവർ മത്സരിച്ചു പാടുകയാണ് കല്യാണത്തലേന്ന് ഏറ്റവും ആകർഷകമായ ഇനം. ചിലപ്പോൾ നേരം പുലരും വരെ നീളും ആ മെഹ്ഫിലുകൾ. ഖവാലി സംഘത്തിലെ പ്രധാനി ഗുൽ മുഹമ്മദിനോട് മത്സരിക്കാൻ പറ്റിയ ഗായകനെ പ്രമാണിയായൊരു കച്ചവടക്കാരൻ കൊണ്ടുവന്നു.
കൊൽക്കത്ത സ്വദേശി ജാൻ മുഹമ്മദ്. വേദികളിൽ തകർപ്പൻ പ്രകടനം നടത്തിയ ജാൻ മുഹമ്മദ് വളരെ വേഗം സംഗീതസദസ്സുകൾ കീഴടക്കി. നഷ്ടബോധത്തിന്റെയും ദുഃഖത്തിന്റെയും നേർത്ത സ്പർശങ്ങൾ നിറഞ്ഞ പാട്ടുകളിലൂടെ അയാൾ ആസ്വാദകരെ കീഴടക്കി. ‘കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായി വന്നവൻ ഞാൻ’ എന്നും, ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്നും പാടി. ബാബുരാജ് പാടിയതുപോലെ ‘പ്രാണസഖി’ പാടാൻ ഇന്നോളം മറ്റാർക്കും കഴിഞ്ഞില്ല. ‘ഒരു പുഷ്പം’ പാടുമ്പോൾ ബാബുരാജ് ഹാർമോണിയം വായിച്ചതു പോലെ ഹാർമോണിയം വായിക്കാൻ മറ്റാരുമുണ്ടായില്ല. കോഴിക്കോട്ട് പാടാൻ വന്ന തലത് മഹമൂദ് ബാബുരാജിന്റെ ഹാർമോണിയം വായന അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.
കോഴിക്കോടിന് ഒരിക്കലും മാറാത്ത കൗതുകമാണു ബാബുരാജ്. കോഴിക്കോട് കടപ്പുറത്ത്, ഹോർത്തൂസിന്റെ വേദിയിൽ ഇന്നു വീണ്ടും ബാബുരാജ് പാടും. നിലയ്ക്കാത്ത സ്വരവിസ്മയം കേൾക്കാൻ കോഴിക്കോട് ഇന്നു വീണ്ടും കൗതുകത്തോടെ കടപ്പുറത്തു നിരന്നിരിക്കും. (എഴുത്തുകാരനും സംഗീത നിരൂപകനുമാണു ലേഖകൻ.)