നൈറ്റ് ലൈഫ് ഇരുട്ടിലെ കാര്യമല്ല; പകലിനെക്കാൾ വെളിച്ചമുള്ള സ്ഥലങ്ങളാണവ: മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ നൈറ്റ് ലൈഫ് ഇരുട്ടിലുള്ള കാര്യമാണെന്ന ധാരണ ശരിയല്ലെന്നും ഇപ്പോൾ എല്ലായിടത്തും വെളിച്ചമെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനത്തിനെതിരെ കർമപദ്ധതി തയാറാക്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തു പലയിടങ്ങളിലും രാത്രികൾ സജീവമായ സ്ഥലങ്ങളുണ്ട്. അവിടെ നൈറ്റ് ലൈഫ് ചെലവഴിക്കുന്നത് ഇരുട്ടിലല്ല. പകലിനെക്കാൾ വെളിച്ചമുള്ള സ്ഥലങ്ങളാണവ. അങ്ങനെയുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങളാണു സംസ്ഥാനത്ത് സജ്ജമാക്കുക.
ആളുകൾക്ക് ഉല്ലാസത്തോടെ ഇരിക്കാൻ കഴിയുന്ന സ്ഥലങ്ങളായിരിക്കും അവ. ദൂഷ്യവശങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കും – മുഖ്യമന്ത്രി പറഞ്ഞു. മാനവീയം വീഥി, മറൈൻ ഡ്രൈവ് എന്നിവയടക്കമുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നുവെന്നു യോഗത്തിലുയർന്ന ആക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.