കാനനപാതയില്‍ തൊട്ടുമുന്നില്‍ പുള്ളിപ്പുലി; ഞെട്ടല്‍ മാറാതെ സോണിയും കുടുംബവും

Mail This Article
പത്തനംതിട്ട ∙ കാനന പാതയിലെ യാത്രയ്ക്കിടെ കാറിനു തൊട്ടുമുന്നില്‍ പുള്ളിപ്പുലിയെ കണ്ടതിന്റെ ഞെട്ടൽ മാറാതെ മൈലപ്ര ചീങ്കൽത്തടം അറുകാലിക്കൽ സോണി ജോർജും കുടുംബവും. ഓസ്ട്രേലിയയിൽനിന്ന് അവധിക്കു നാട്ടിൽ വന്ന സോണി ബന്ധുവീട്ടിൽ പോയ ശേഷം ആങ്ങമൂഴി, പ്ലാപ്പള്ളി വഴി തിരിച്ചു വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു മുന്നില്‍ അപ്രതീക്ഷിതമായി പുലി എത്തിയത്. ചെളിക്കുഴിയിൽ റോഡിന്റെ വശത്തെ ക്രാഷ്ബാരിയറിനോടു ചേർന്ന് കുറ്റിക്കാട്ടിലായിരുന്നു പുലി. കാർ കണ്ടതോടെ തല ഉയർത്തി നോക്കി. ഭയന്ന ഡ്രൈവർ വണ്ടി നിർത്തിയിട്ടു. കുറച്ചു സമയം കൂടി അവിടെ നിന്നശേഷമാണു പുലി കാട്ടിലേക്ക് ഓടി മറഞ്ഞത്.
ചിറ്റാർ മീൻകുഴി വടക്കേക്കരക്കു പിന്നാലെയാണു മണ്ണാരക്കുളഞ്ഞി– പമ്പ ശബരിമല പാതയിൽ ളാഹയ്ക്കും പ്ലാപ്പളളിക്കും മധ്യേ ചെളിക്കുഴി ഭാഗത്തു വ്യാഴാഴ്ച വൈകിട്ട് പുള്ളിപ്പുലിയെ കണ്ടത്. ഇരുചക്ര വാഹനക്കാർ സൂക്ഷിക്കണമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതോടെ ജാഗ്രതയിലാണ് ളാഹയിലേയും പ്ലാപ്പള്ളിയിലെയും ജനങ്ങൾ.
ളാഹ രാജാംപാറ മുതൽ പമ്പ വരെയും വനപ്രദേശമാണ്. സാധാരണ കാട്ടാനകളെയാണു കാണാറുള്ളത്. ഇരുചക്ര വാഹനക്കാർ ഏറെ സഞ്ചരിക്കുന്ന പാതയാണിത്. മാസപൂജ കഴിഞ്ഞ് നട അടച്ചിരിക്കുന്നതിനാൽ അയ്യപ്പന്മാരുടെ വാഹനങ്ങളില്ല. ഡ്രൈവിങ് പഠിക്കുന്നവരും ഇരുചക്ര വാഹനക്കാരും ഇതുവഴി എപ്പോഴും പോകാറുണ്ട്. പുലിയെ റോഡിൽ കണ്ടതിനാൽ ഇരുചക്ര വാഹനക്കാർ അതീവശ്രദ്ധയോടെ മാത്രമേ ഇതിലൂടെ പോകാവൂ എന്നാണ് വനം വകുപ്പിന്റെ അറിയിപ്പ്.
വനമേഖലയിൽ വാഹനം നിർത്തി നോക്കിനിൽക്കരുതെന്നും വനംവകുപ്പ് പറയുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ളാഹ തോട്ടത്തിൽ രണ്ടുമാസം മുൻപ് പുലിയിറങ്ങി ലയത്തിലെ താമസക്കാരുടെ പശുക്കിടാവിനെ പിടിച്ചു കൊണ്ടുപോയിരുന്നു. അതിനെ തന്നെയാണ് ഇപ്പോഴും കണ്ടെതെന്നാണു സംശയിക്കുന്നത്. ചിറ്റാർ മീൻകുഴി വടക്കേക്കര തടത്തിൽ സലീമിന്റെ വളർത്തുപോത്തിനെയും പുലി പിടിച്ചിരുന്നു. വൈകിട്ട് പോത്തുകൾക്കു തീറ്റ കൊടുത്ത ശേഷം സലീമും ഭാര്യയും ചിറ്റാറിലുള്ള ബന്ധുവിന്റെ വിവാഹത്തിനു പോയി. തിരിച്ചുവന്നപ്പോഴാണു പുലിപിടിച്ച് പോത്ത് ചത്തതായി കണ്ടത്. ഇതോടെ മീൻകുഴി ഭാഗത്തുള്ളവർ പുലിപ്പേടിയിലാണ്.
English Summary: Leopard spotted in Sabarimala Route