വെടിയുണ്ട കാണാതായ കേസിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; കുരുക്ക് മുറുകുന്നു

Mail This Article
തിരുവനന്തപുരം∙ പൊലീസിന്റെ വെടിയുണ്ട കാണാതായ കേസിലെ അന്വേഷണം സിഐ, ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കുന്നു. പേരൂര്‍ക്കട എസ്എപി ക്യാംപിലുണ്ടായിരുന്ന ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും ചോദ്യം ചെയ്യും. തോക്കുകളുടെ കണക്കെടുത്ത മാതൃകയില്‍ വെടിയുണ്ടകള്‍ എണ്ണിത്തിട്ടപ്പെടുത്തി നഷ്ടം നിശ്ചയിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
വ്യാജ വെടിയുണ്ടകള്‍ നിര്‍മിച്ചതിന് എസ്ഐ റെജി ബാലചന്ദ്രന് അറസ്റ്റിലായതിന് പിന്നാലെയാണ് സിഐ, ഡിവൈഎസ്പി റാങ്കിലുള്ളവരിലേക്കും അടുത്തഘട്ട അന്വേഷണമെത്തുന്നത്. ഇതിന് നാലു കാരണങ്ങളാണ് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നത്.
വെടിയുണ്ടകള്‍ നഷ്ടമായത് 22 വര്‍ഷം കൊണ്ടായതിനാല്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരില്‍ ഒതുങ്ങുന്നതാവില്ല തട്ടിപ്പ്. ഒരു എസ്ഐ മാത്രം വിചാരിച്ചാല്‍ കൃത്രിമ വെടിയുണ്ട വച്ച് വെടിയുണ്ടകള്‍ നഷ്ടമായ കാര്യം വര്‍ഷങ്ങളോളം മറച്ചുവയ്ക്കാന്‍ സാധിക്കില്ല. വെടിയുണ്ട ഉരുക്കി നിര്‍മിച്ച മുദ്ര ക്യാംപിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മുറിയിലെ പോഡിയത്തിലാണ് പിടിപ്പിച്ചിരുന്നത്. അതിനാല്‍ ഉരുക്കിയതിലടക്കം ഉന്നതര്‍ക്ക് അറിവോ പങ്കോ ഉണ്ട്. മാത്രവുമല്ല നിലവില്‍ അസിസ്റ്റന്റ് കമാന്ഡറായിരിക്കുന്ന വി.ഒ. ഷാജിമോന്‍ ഇന്‍സ്പെക്ടറായിരുന്ന 2012–13 കാലഘട്ടത്തില്‍ 3624 വെടിയുണ്ടകള്‍ നഷ്ടമായെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് എസ്എപി ക്യാംപിലുണ്ടായിരുന്ന ഏഴ് ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും അതാത് കാലഘട്ടത്തെ അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും ചോദ്യം ചെയ്യുന്നത്. അതേസമയം തോക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ അതേ മാതൃകയില്‍ വെടിയുണ്ടകളുടെയും കണക്കെടുക്കും. 12061 വെടിയുണ്ടകള്‍ നഷ്ടമായെന്ന് സിഎജി പറയുന്നുണ്ടെങ്കിലും അത്രയും ഇല്ലെന്നാണ് പൊലീസിന്റെ കണക്ക്. ഈ വ്യത്യാസം പരിഹരിക്കാനാണ് കണക്കെടുക്കാന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയത്.
English Summary : Kerala Police bullet missing case investigation