ADVERTISEMENT

കാൻപുര്‍ ∙ ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരനെ കഴിഞ്ഞ മാസം തന്നെ അക്രമികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ സഞ്ജീത് യാദവിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല.

യുപി പൊലീസിന്റെ വാക്ക് വിശ്വസിച്ച് അക്രമികള്‍ക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുടുംബത്തിന് പൊലീസിന്റെ വാക്കുകള്‍ കനത്ത പ്രഹരമായി. കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലീസിന്റെ കണ്‍മുന്നില്‍നിന്ന് അക്രമികള്‍ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.

അക്രമികളെ രക്ഷപ്പെടാന്‍ പൊലീസ് അനുവദിച്ചുവെന്ന കടുത്ത ആരോപണം സഞ്ജീത്തിന്റെ ബന്ധുക്കള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം തന്നെ കൊലപ്പെടുത്തിയെന്ന പുതിയ വാദവുമായി യുപി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായവര്‍ സഞ്ജീത്തിന്റെ സുഹൃത്തുകളും മുന്‍ സഹപ്രവര്‍ത്തകരും ആണെന്നു പൊലീസ് പറഞ്ഞു.

ജൂണ്‍ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്. തുടര്‍ന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുന്‍ സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ജൂണ്‍ 26 നോ 27 നോ അക്രമികള്‍ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാണ്‍പുര്‍ എസ്പി പറഞ്ഞു.

കാൻപുരില്‍ ലബോറട്ടറി നടത്തുന്ന യുവാവിനെയാണ് ജൂണ്‍ 22 ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാരാ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അക്രമിസംഘം ആവശ്യപ്പെട്ട 30 ലക്ഷം രൂപ ഒരുക്കിവയ്ക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു.

അക്രമി സംഘത്തിനു തിങ്കളാഴ്ച പണം കൈമാറണമെന്നും സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കി അക്രമികളെ പിടികൂടുമെന്നും പൊലീസ് കുടുംബത്തിന് ഉറപ്പുനല്‍കി. അപര്‍ണ ഗുപ്ത എന്ന ഐപിഎസ് ഉദ്യോഗസ്ഥയാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. പണം വച്ചിരിക്കുന്ന ബാഗ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് അപര്‍ണ ഗുപ്ത പറഞ്ഞതായി യുവാവിന്റെ സഹോദരി പറഞ്ഞു.

എന്നാല്‍ തിങ്കളാഴ്ച പൊലീസ് പറഞ്ഞതു പോലെയല്ല കാര്യങ്ങള്‍ നടന്നത്. പണം കൈമാറുന്നതിനു മുന്‍പ് 30 മിനിറ്റോളം അക്രമി സംഘം യുവാവിന്റെ പിതാവുമായി സംസാരിച്ചു. ഒരു മേല്‍പ്പാലത്തില്‍നിന്ന് താഴെയുള്ള റോഡിലേക്കു പണമടങ്ങിയ ബാഗ് വലിച്ചെറിയാന്‍ അവര്‍ പിതാവിനോട് ആവശ്യപ്പെട്ടു. ബാഗുമായി അക്രമികള്‍ കടന്നുകളഞ്ഞിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ക്ക് അവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എസ്പി ഓഫിസിനു മുന്നില്‍ രണ്ടു മണിക്കൂര്‍ ധര്‍ണ നടത്തിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാൻപുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. അക്രമി സംഘത്തിനു പണമൊന്നും നല്‍കിയിട്ടില്ലെന്നാണു പൊലീസ് പറഞ്ഞത്. എന്നാല്‍ പണം നല്‍കിയില്ലെന്നു പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ വിറ്റാണ് അത്രയും പണം കണ്ടെത്തിയതെന്നും ഇടത്തരം കുടുംബമാണ് തങ്ങളുടേതെന്നും യുവാവിന്റെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

English Summary: Kidnapped UP Man Killed, Say Cops, Accused by His Family Of Colluding

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com