ഡോക്ടറുടെ കൊലപാതകം: പ്രതി അറസ്റ്റില്‍; കുത്തേറ്റു വീണത് ബന്ധുക്കളുടെ മുന്നില്‍

Mail This Article
കുട്ടനെല്ലൂർ (തൃശൂർ) ∙ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.
വിവാഹബന്ധം വേർപെടുത്തിയ സോന കുരിയച്ചിറയിലെ ഫ്ലാറ്റിൽ 2 വർഷമായി മഹേഷിനൊപ്പമായിരുന്നു താമസമെന്നു പൊലീസ് പറഞ്ഞു. ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതു മഹേഷ് ആയിരുന്നു. 7 ലക്ഷം രൂപയുടെ പണി നടത്തിയതിനു പലപ്പോഴായി 22 ലക്ഷം രൂപ വാങ്ങിയതായി ബന്ധുക്കൾ പറയുന്നു.
മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സോന പരാതി നൽകിയിരുന്നു. ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇവിടെ നിന്നു മുങ്ങിയ പ്രതിയുടെ കാർ കൂർക്കഞ്ചേരിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
English Summary: Dr Sona murder, business partner arrested