ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചിറ്റൂർ ∙ ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ പെണ്‍മക്കളെ ദുരൂഹമായി കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സ്ത്രീ കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചു. താൻ ശിവനാണെന്നും തന്നിൽനിന്നാണു കൊറോണ വൈറസ് പിറന്നതെന്നുമാണു പ്രതി പദ്മജ (50) പൊലീസിനോടു പറഞ്ഞത്. മദനപ്പള്ളെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായ പദ്മജ, പെൺമക്കളായ അലേഖ്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബൽ കൊണ്ടു മർദിച്ചെന്നുമാണു കേസ്.

പദ്മജയും ഭർത്താവ് പുരുഷോത്തം നായിഡുവും അറസ്റ്റിലാണ്. ‘ഞാൻ ശിവനാണ്. കൊറോണ വന്നത് എന്റെ ശരീരത്തില്‍ നിന്നാണ്. ചൈനയില്‍നിന്നല്ല. വാക്സീൻ ഉപയോഗിക്കാതെതന്നെ മാർച്ചോടെ ഇത് അവസാനിക്കും. വാക്സീന്റെ ആവശ്യമില്ല. എന്റെ തൊണ്ടയിൽ വിഷമുണ്ട്. എന്നെ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.’– പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പദ്മജ പൊലീസിനോടു പറഞ്ഞു. ഗണിതശാസ്ത്രത്തിൽ പിജിയുള്ള ഇവർ, ഐഐടി പരിശീലന കേന്ദ്രത്തിലാണു ജോലി ചെയ്തിരുന്നത്. 

ഏറെനേരത്തെ ശ്രമത്തിനൊടുവിൽ പൊലീസിന്റെയും പുരുഷോത്തമിന്റെയും നിർബന്ധത്തിനു വഴങ്ങിയാണു കോവിഡ് പരിശോധനയ്ക്കു സമ്മതിച്ചത്. ഫലം വന്നിട്ടില്ല. അച്ഛനും അമ്മയും ചേർന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഞായറാഴ്ചയാണു സംഭവം. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായി ഇരുവരും പൊലീസിനോടു വെളിപ്പെടുത്തി. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച (ജനുവരി 25) മുതൽ സത്യയുഗം തുടങ്ങുമെന്നും മക്കൾ സൂര്യോദയത്തോടെ പുനർജനിക്കും എന്നും ഇവർ പൊലീസിനോടു പറഞ്ഞു.

ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേഖ്യ ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എ.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിരുന്നു. പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്. അയൽവാസികൾ അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ്, പെൺകുട്ടികളുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യങ്ങൾ കുടുംബത്തിന്റെ നിഗൂഢതകളിലേക്കു വിരൽ ചൂണ്ടുന്നതായി പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്നും പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. കൃത്യം നടത്തിയവരുടെ മാനസിക പ്രശ്നങ്ങൾക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്നു പരിശോധിക്കുകയാണെന്നു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രവി മനോഹർ ആചാരി പറഞ്ഞു. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഇരുവർക്കും ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ നല്ലതിനുവേണ്ടി കൊല നടത്തിയെന്നാണ് അവർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Andhra couple kills daughters: Mother claims she is Shiva, her body gave birth to corona

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com