കെട്ടിടത്തിൽനിന്ന് തലകറങ്ങി താഴേക്ക്, ചുവടെ വൈദ്യുതകമ്പി; അദ്ഭുത രക്ഷകനും!
Mail This Article
വടകര∙ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്നു തലകറങ്ങി വീണ ആളെ കാലിൽ പിടിച്ചു രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. വടകര കേരള ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിൽക്കുമ്പോൾ താഴേക്കു പതിച്ച അരൂർ ഹരിത വയൽ ബിനു നിലയത്തിൽ ബിനു എന്ന ബാബു(38)വിനെയാണ് സമീപത്തു നിൽക്കുകയായിരുന്ന കീഴൽ യുപി സ്കൂളിനു സമീപം തയ്യിൽ മീത്തൽ ബാബുരാജ് (45) രക്ഷിച്ചത്. കെട്ടിടത്തിനു താഴെ വൈദ്യുതകമ്പി ഉൾപ്പെടെയുണ്ടായിരുന്നു. താഴേക്കു വീണിരുന്നെങ്കില്‍ വൻ അപകടം സംഭവിക്കാവുന്ന അവസ്ഥയും!
തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കിൽ എത്തിയത്. ഊഴം കാത്ത് ബാങ്ക് വരാന്തയിൽ നിൽക്കുമ്പോൾ ബിനു പെട്ടെന്ന് കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു. പെട്ടെന്ന് ബിനുവിന്റെ കാലിന്മേൽ പിടിത്തം കിട്ടിയ ബാബുരാജ് കൈവരിയോട് കാൽ ചേർത്തു പിടിച്ച് ആത്മസാന്നിധ്യം കൈവിടാതെ നിന്നു. തുടർന്നു മറ്റുള്ളവരെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും ബാങ്കിൽ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയർത്തി വരാന്തയിൽ കിടത്തി.
നേരത്തെ യുഎൽസിസിഎസിലെ ജീവനക്കാരനായിരുന്നു ബിനു. നിർമാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിട്ടു. തക്ക സമയത്ത് ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബാബുരാജ്. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. ബാബുരാജിനുള്ള അഭിനന്ദന പ്രവാഹമാണ് എങ്ങും. തയ്യിൽ മീത്തൽ പരേതനായ കണ്ണന്റെയും മാതുവിന്റെയും മകനാണ് ബാബുരാജ്. ഭാര്യ: നിഷ. മകൾ: അവന്തിക.
English Summary : Miracle escape of a man who fall from building