ADVERTISEMENT

കൊച്ചി∙ ഇന്ത്യന്‍ മഹാസമുദ്രം വഴി ആയുധങ്ങളും ലഹരിമരുന്നുകളും കടത്തിയെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും തമിഴ് തീവ്രസംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

ഒമ്പത് ശ്രീലങ്കൻ സ്വദേശികളാണ് പ്രതികൾ. ബോട്ടിൽനിന്നു പിടികൂടിയ നന്ദന, ജനക ദാസ് പ്രിയ, രണസിംഗ, സേനാരഥ്, നിശങ്ക, നിശാന്ത, തുടർ അന്വേഷണത്തിൽ പിടിയിലായ സുരേഷ്, രമേശ്, സബേശന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. യുഎപിഎയിലെ വിവിധ വകുപ്പുകളും ആയുധ നിരോധന നിയമവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 25നാണ് ഇറാനിൽനിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹൻസി എന്ന ശ്രീലങ്കൻ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്.

300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കുകളും 1000 തിരകളും ഇവരിൽനിന്നു കണ്ടെത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച ബോട്ട് തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നും ആയുധശേഖരവും കണ്ടെത്തിയത്. രാജ്യാന്തര വിപണിയിൽ 3000 കോടി രൂപ വിലവരുന്നതായിരുന്നു ഇവ. ഇറാൻ ബോട്ട് മിനിക്കോയ് ദ്വീപിനു സമീപത്തുവച്ച് ലഹരിമരുന്നു കൈമാറി എന്നായിരുന്നു നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു പ്രതികൾ നൽകിയ മൊഴി.

നർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചതെങ്കിലും ആയുധങ്ങളുമായി വിദേശ പൗരൻമാർ പിടിയിലായതിനാൽ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് നെടുമ്പാശേരി കേന്ദ്രീകരിച്ച് ശ്രീലങ്കൻ പൗരൻമാർ ഒളിവിൽ താമസിക്കുന്ന വിവരം പിടിയിലായ പ്രതികളിൽനിന്നു ലഭിക്കുന്നതും അറസ്റ്റു ചെയ്യുന്നതും. ശ്രീലങ്കയിൽ അധോലോക ഇടപാടു നടത്തിവന്ന സുരേഷ് തമിഴ് പൗരനെന്ന പേരിൽ നെടുമ്പാശേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനിടെ ക്യൂബ്രാഞ്ചാണ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പിന്നീട് എൻഐഎ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പിന്നാലെ മറ്റു പ്രതികളും പിടിയിലാകുകയായിരുന്നു.

English Summary: NIA Chargesheet in Arms and Drugs Smuggling Case
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com