‘പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു; അനീഷുമായി കയ്യേറ്റം, കത്തികൊണ്ടു കുത്തി’

Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം പേട്ടയിൽ കോളജ് വിദ്യാർഥി അയൽവീട്ടിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി തള്ളി പൊലീസ്. പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയിൽ അനീഷ് ജോർജ്(19) ആണ് പേട്ട ചായക്കുടി ലെയ്നിലെ സൈമൺ ലാലന്റെ വീടായ ഏദനിൽ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ സൈമൺ ലാലനെ(51) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിനെ കുത്തിയ വിവരം പേട്ട പൊലീസ് സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് അറിയിച്ചത്. പൊലീസ് എത്തി അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. ബുധനാഴ്ച പുലർച്ചെ 3.15ന് ആയിരുന്നു സംഭവം
കള്ളനാണെന്നാണു കരുതിയതെന്നും പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർഥം കുത്തിയതാണെന്നുമാണ് പ്രതി സൈമൺ ലാലന്റെ മൊഴി. എന്നാൽ പൊലീസ് ഇതു തള്ളുന്നു. സൈമണിന്റെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാനാകണം അനീഷ് ഈ വീട്ടിൽ എത്തിയതെന്നാണു പൊലീസ് കരുതുന്നത്.
ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പൊലീസ് പറയുന്നത്.
English Summary: Pettah Anish George Murder: Police Conclusions