‘ഏവരും ഉറങ്ങാൻ കാത്തിരുന്നു; രക്ഷയ്ക്കുള്ള വഴിയടച്ച് മകനെയും കുടുംബത്തെയും കത്തിച്ചു’

Mail This Article
ചീനിക്കുഴി ∙ നാലംഗ കുടുംബത്തിന്റെ കൊലപാതകത്തിൽ ഞെട്ടി ഇടുക്കി ചീനിക്കുഴി ഗ്രാമം. മകനെയും കുടുംബത്തെയും കൊലപ്പെടുത്താൻ 79 വയസ്സുകാരനായ ഹമീദ് നടത്തിയത് കൃത്യമായ ആസൂത്രണമെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസൽ (ഷിബു), ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്ന എന്നിവർ രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലാതെ വെന്തുമരിക്കുകയായിരുന്നു.
ഹമീദിന്റെ പേരിൽ 72 സെന്റ് സ്ഥലമുണ്ട്. ഇതിൽ കുറച്ചു ഭാഗം ഫൈസലിന് എഴുതിക്കൊടുത്തു. തന്നെ സംരക്ഷിക്കാത്തതിനാൽ ഈ സ്ഥലം തിരികെ വിട്ടുകൊടുക്കാൻ ഹമീദ് ആവശ്യപ്പെട്ടു. ഇതിനു ഫൈസൽ തയാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഹമീദ് വീടിനു തീയിട്ടത്. ഇവർ തമ്മിൽ കുറച്ചു കാലമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
കൂട്ടക്കൊലയ്ക്ക് നേരത്തേതന്നെ ഹമീദ് പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി ഇയാൾ പെട്രോൾ സംഭരിച്ചു വച്ചു. ആരെങ്കിലും എത്തി തീ അണയ്ക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ഒഴുക്കി കളഞ്ഞു. വെള്ളമടിക്കുന്നതിനുള്ള മോട്ടറിന്റെ കണക്‌ഷനും വിഛേദിച്ചു. അടുത്ത വീടുകളിലെ ടാങ്കുകളിലെ വെള്ളവും തുറന്നുവിട്ടശേഷമാണ് ഹമീദ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി ഒരുമണി വരെ എല്ലാവരും ഉറങ്ങുന്നതിനായി ഹമീദ് കാത്തിരുന്നു. ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ വാതിലുകളും പുറത്തുനിന്നു പൂട്ടി. കിടക്കയ്ക്കും മറ്റും തീപിടിച്ചതോടെ ഫൈസലും കുടുംബവും എഴുന്നേറ്റു. വാതിലുകൾ പുറത്തുനിന്നു പൂട്ടിയെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടികളിലൊരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചത്.

രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. അപ്പോഴും പുറത്തുനിന്നു കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേയ്ക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. വാതിൽ തകർത്താണ് രാഹുൽ അകത്ത് കയറിയത്. ഒടുവിൽ തീയണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചിമുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്. മെഹറും അസ്നയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നേരം പുലർന്നപ്പോഴേക്കും ഒരു കുടുംബം ഇല്ലാതായെന്ന് വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ചീരക്കുഴി.
English Summary: Idukki Cheenikuzhi family murder; Well planned