പിയാനോ വായിച്ചു കൊണ്ടിരിക്കെ അമ്മയെ വെടിവച്ചു കൊന്ന നടൻ റയാന് ജീവപര്യന്തം

Mail This Article
ഒട്ടാവ∙ അറുപത്തിനാലുകാരിയായ അമ്മ ബാർബറ വെയിറ്റിനെ വെടിവച്ചു കൊന്ന കേസിൽ കാനേഡിയൻ താരം റയാൻ ഗ്രാന്ത(24)ത്തിനു ജീവപര്യന്തം തടവ്. 2020 മാർച്ച് 31 ന് സ്വന്തം വസതിയിൽ വച്ച് അമ്മയെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടിഷ് കൊളംബിയ സുപ്രീം കോടതിയാണ് റയാന് പരോൾ ഇല്ലാതെ 14 വർഷം തടവ് ശിക്ഷ വിധിച്ചത്.
‘റിവര്‍ഡെയ്ല്‍’ എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന റയാന് നിരവധി ആരാധകരുണ്ട്. വീട്ടിൽ പിയാനോ വായിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയെ പിന്നിൽ നിന്ന് വെടിവച്ചു വീഴ്ത്തിയതായി കോടതിയിൽ റയാൻ സമ്മതിച്ചിരുന്നു. സെക്കന്റ് ഡിഗ്രി മർഡറിനാണ് കേസെടുത്തിരുന്നത്. പരോൾ ഇല്ലാതെ 18 വർഷം തടവ് ശിക്ഷ നൽകണമെന്നു പ്രോസിക്യൂട്ടർമാരും, മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ശിക്ഷ 12 വർഷമായി കുറയ്ക്കണമെന്നു പ്രതിഭാഗവും ആവശ്യപ്പെട്ടിരുന്നു.
അമ്മയെ കൊലപ്പെടുത്തിയതിനു പിന്നാലെ തന്റെ ക്യാമറയിൽ റയാൻ ദൃശ്യങ്ങൾ പകർത്തിയിരുന്നു. മൃതശരീരത്തിനു മുന്നിലിരുന്ന് മദ്യപിക്കുകയും മണിക്കൂറുകളോളം ലഹരി വസ്‌തുക്കൾ ഉപയോഗിക്കുകയും ചെയ്‌തു. ‘‘അവരുടെ തലയുടെ പിൻഭാഗത്താണ് വെടിയേറ്റത്. ഞാനാണ് അവരെ വെടിവച്ചതെന്നു അവർ മനസ്സിലാക്കിയിരുന്നു’’– സംഭവത്തിനു പിന്നാലെ വാൻകൂവർ പൊലീസ് സ്റ്റേഷനിലെത്തി റയാൻ പറഞ്ഞു. സ്വയം കാറോടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയ റയാൻ സംഭവദിവസം തന്നെ കുറ്റം സമ്മതിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
രണ്ടര വർഷത്തോളമായി ജയിലിൽ കഴിയുകയാണ് നടൻ. സൈമൺ ഫ്രേസർ സർവകലാശാലയിൽ കൂട്ട വെടിവയ്‌പ് നടത്താനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വധിക്കാനും റയാൻ ശ്രമിച്ചിരുന്നതായി പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ലഹരിക്ക് അടിമയായിരുന്നു താരമെന്നും പൊലീസ് വ്യക്തമാക്കി. മാനസിക പ്രശ്‍നങ്ങളും അമിത ഉത്‌കണ്‌ഠയും റയാനെ അലട്ടുന്നതായും വിചാരണവേളയിൽ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റയാന്റെ അഭിഭാഷകൻ കോടതിയിൽ വെളിപ്പെടുത്തി.
English Summary: Actor Ryan Grantham gets life in prison for killing his mother