‘വാതിലിൽ ആരോ അടിക്കുന്ന ശബ്ദം; തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് മകൾ, ഒന്നും മിണ്ടാൻ കഴിഞ്ഞില്ല’

Mail This Article
തിരുവനന്തപുരം∙ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണെന്നു കരുതിയ മകൾ അർധരാത്രിയിൽ വീടിനു മുന്നിൽ വെട്ടേറ്റു വീണതു നേരിൽ കാണേണ്ടിവന്നതിന്റെ ഞെട്ടൽ മാറാതെ സംഗീതയുടെ മാതാപിതാക്കൾ. തൊട്ടടുത്ത് ഉണ്ടായിട്ടും മകൾക്കു നേരെ നീണ്ട കൊലക്കത്തി തടുക്കാനാകാത്തിന്റെ വേദനയിലാണ് സംഗീതയുടെ പിതാവ് സജീവ്. വാതിലിൽ ആരോ മുട്ടുന്നതു കേട്ട് പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സജീവ് പറയുന്നു.
‘കതകിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസ്സിലായില്ല, തുടരെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനലു തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്. പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി. കതകു തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തു പറ്റി മോളെ എന്നു ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.. മരിച്ചാ മതി...എന്റെ പൊന്നു മോളു പോയി..’– ഹൃദയം തകർന്ന് സജീവ് പറയുന്നു.
ഇന്നലെ അർധരാത്രിയോടെയാണ് വർക്കലയിലെ വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീത കൊല്ലപ്പെട്ടത്. സംഗീതയുമായി അടുപ്പത്തിലായിരുന്ന ഗോപു വീട്ടിൽനിന്നു വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്.
English Summary: Varkala Sangeetha murder: Father explaining about the night his daughter murdered