ആകാശ് ക്വട്ടേഷന്‍ രാജാവ്; ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് ബന്ധമില്ല: എം.വി. ജയരാജന്‍

Mail This Article
കണ്ണൂർ∙ മട്ടന്നൂര്‍ ഷുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്നും ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണെന്നും കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ. ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശിന്റേത്. കേസിൽനിന്നു രക്ഷപ്പെടാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുകയാണ്. അതു ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണ് എന്നും എം.വി.ജയരാജന്‍ പറഞ്ഞു.
ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ല. യഥാർഥ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും ജയരാജൻ പരിഹസിച്ചു. ‘‘ക്വട്ടേഷൻ രാജാവാണ് ആകാശ്. താൻ ക്വട്ടേഷൻ നടത്തിയെന്നും കൊല നടത്തിയെന്നും അയാൾ തന്നെ പറയുന്നു. ഏതുനേതാവാണ് കൊലനടത്താൻ ആവശ്യപ്പെട്ടതെന്ന് ആകാശ് പറയട്ടെ.
ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം. കാപ്പ ചുമത്തണമെങ്കിൽ അതും വേണം. ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടില്ല’’ – ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മിനെ കുഴപ്പത്തിലാക്കി നിർണായ വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിലൂടെ നടത്തിയത്. പാർട്ടിക്കു വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് ഫെയ്സ്ബുക് കമന്റിലൂടെ വെളിപ്പെടുത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് അതു ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു.
English Summary: Akash Thillenkeri is a quotation king, CPM has no relation to shuhaib murder case: MV Jayarajan