മരണകാരണം പൊലീസ് മര്‍ദനം: ആരോപണവുമായി മനോഹരന്റെ കുടുംബം
Mail This Article
കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മര്‍ദനംമൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായെങ്കില്‍ അതിനു കാരണം പൊലീസ് മര്‍ദനമാണെന്ന് അമ്മയും സഹോദരനും ആരോപിച്ചു. മരണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബത്തിനു നിയമസഹായം നല്‍കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.
തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചതില്‍ സമഗ്രമായ അന്വേഷണമെന്ന ആവശ്യം ശക്തമാവുകയാണ്. മനോഹരന്‍റെ മരണത്തിനു പിന്നില്‍ പൊലീസ് മര്‍ദനം തന്നെയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും കുടുംബം ആവര്‍ത്തിച്ചു.
പൊലീസ് മര്‍ദനമാണ് മനോഹരന്റെ മരണകാരണമെന്നും കുടുംബത്തിനു നീതി ലഭിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഹൃദയസ്തംഭനമെന്ന രീതിയില്‍ കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്നും കുടുംബത്തെ സന്ദര്‍ശിച്ചശേഷം കെ.സുധാകരന്‍ ആരോപിച്ചു. മനോഹരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കണമെന്നും കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് മറ്റന്നാള്‍ മുതല്‍ ബിജെപിയും സമരത്തിനൊരുങ്ങുകയാണ്.
English Summary: It was a custodial death, says Manoharan's family