‘ബഹുഭാര്യത്വം നിർബന്ധമല്ല; നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ട്’: അഭിപ്രായം തേടി അസം സർക്കാർ
Mail This Article
ഗുവാഹത്തി∙ ബഹുഭാര്യത്വം ഇസ്‌ലാമിൽ നിർബന്ധമല്ലെന്ന് അസം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സമിതി സർക്കാരിനെ അറിയിച്ചു. ഇതോടെ, ബഹുഭാര്യത്വം നിരോധിക്കാൻ നീക്കവുമായി അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടി. ഓഗസ്റ്റ് 30ന് മുൻപായി ഇ–മെയിൽ വഴി അഭിപ്രായം അറിയിക്കണമെന്നാണു നിർദേശം.
മുസ്‌ലിം വ്യക്തിനിയമവും ഇന്ത്യൻ ഭരണഘടനയും പരിശോധിച്ചാണു വിദഗ്ധ സമിതി നിർദേശം നൽകിയത്. കൺകറന്റ് ലിസ്റ്റിലാണ് വിവാഹം ഉൾപ്പെടുന്നത്. അതുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമാണം നടത്താൻ സാധിക്കും. ബഹുഭാര്യത്വം നിരോധിക്കുന്നതിലൂടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നില്ലെന്നും സമിതി മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മുൻ ജഡ്ജി റൂമി കുമാരി ഫുകാൻ അധ്യക്ഷയായ സമിതിയാണു പഠനം നടത്തിയത്. അസം അഡ്വക്കറ്റ് ജനറൽ ദേവജിത് ശൈകിയ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ നളിൻ കോലി, ഗുവാഹത്തി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ നെകിബുർ സമാം എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
ഓഗസ്റ്റ് ആറിനാണ് അസം സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുത്തുന്നതിനാണ് ബഹുഭാര്യത്വം നിരോധിക്കാൻ അസം സർക്കാർ നീക്കം നടത്തുന്നത്. ഏകവ്യക്തി നിയമം രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതിനിടെയാണ് അസം സർക്കാർ ബഹുഭാര്യത്വം നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.
English Summary: Assam government seeks public suggestions on proposed law to ban polygamy