ഡൽഹിയിൽ മലയാളി ബാലനു നേരെ ലാബ് ജീവനക്കാരന്റെ അതിക്രമം; രക്തമെടുക്കാൻ ശ്രമം, അമ്മയോട് മോശമായി പെരുമാറി
Mail This Article
ന്യൂഡൽഹി∙ മലയാളിയായ നാലാം ക്ലാസ് വിദ്യാർഥിയെ ലാബ് ജീവനക്കാരൻ ബലമായി സ്ഥാപനത്തിലേക്കു വലിച്ചുകയറ്റി രക്തപരിശോധന നടത്താൻ ശ്രമിച്ചതായി പരാതി. ദിൽഷാദ് ഗാർഡൻ ജിടിബി എൻക്ലേവ് ഇ–പോക്കറ്റ് കോളനിയിൽ നടന്ന സംഭവത്തിൽ ലാബ് ജീവനക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് മണ്ണാർക്കാട് സ്വദേശികളുടെ കുടുംബത്തിലെ കുട്ടിക്കു നേരെയായിരുന്നു അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തുള്ള ആരാധനാലയത്തിൽ നിന്ന് അമ്മ, വല്യമ്മ എന്നിവരോടൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. അമ്മയും വല്യമ്മയും കടയിൽ സാധനങ്ങൾ വാങ്ങാൻ കയറിയതിനെ തുടർന്ന് തനിയെ നടന്നുപോകുമ്പോഴാണ് കുട്ടിയെ ഡൽഹി സ്വദേശിയായ ജീവനക്കാരൻ ബലമായി ലാബിലേക്കു പിടിച്ചുകയറ്റിയത്.
രക്തപരിശോധന നടത്താൻ പോവുകയാണെന്ന് പറഞ്ഞ് കൈകൾ പിന്നിലേക്ക് പിടിച്ചുതിരിച്ചതോടെ കുട്ടി കുതറിമാറി ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ അമ്മ അന്വേഷിക്കാൻ എത്തിയപ്പോൾ ജീവനക്കാരൻ പരുഷമായി പെരുമാറിയതായും പരാതിയുണ്ട്. തുടർന്ന് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളികളും നാട്ടുകാരും കോളനിയുടെ ഗേറ്റ് ഉപരോധിച്ചു. കർശന നടപടിയുണ്ടാവുമെന്ന് ജിടിബി സ്റ്റേഷൻ എസ്എച്ച്ഒ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
∙ പ്രതിഷേധമിരമ്പി മലയാളി കൂട്ടായ്മ
ജിടിബി എൻക്ലേവിൽ മലയാളിയായ നാലാം ക്ലാസുകാരനു നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി പ്രദേശത്തെ മലയാളികൾ. ജിടിബി എൻക്ലേവ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജിതേന്ദർ കുമാർ, സെക്രട്ടറി പി.ജെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് ഇ–പോക്കറ്റിലെ കോളനിയുടെ ഗേറ്റ് ഉപരോധിച്ചത്. ഈ ഗേറ്റിനു സമീപമാണ് ആരോപണ വിധേയമായ ലാബ് പ്രവർത്തിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മലയാളികൾക്കൊപ്പം പ്രദേശവാസികളായ മറ്റുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
സമീപത്തെ ആരാധനാലയത്തിൽ കുർബാനയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന കുട്ടിയെ പിടിച്ചുവലിച്ച് അകത്തേക്ക് കയറ്റുമ്പോൾ ലാബിൽ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് സൂചന. ലാബ് ജീവനക്കാരന്റെ പിടിയിൽ നിന്നു കുതറിമാറി കുട്ടി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു ജിടിബി എൻക്ലേവിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ. ലാബ് ജീവനക്കാരനെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നാണ് മലയാളികളുടെ ആവശ്യം.
ഒട്ടേറെ ലാബുകളാണ് ജിടിബി എൻക്ലേവിൽ പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പലതും അനധികൃതമാണെന്ന് ആരോപണമുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരെക്കുറിച്ച് കൃത്യമായ വിവരശേഖരണത്തിന് പൊലീസ് തയാറാവണമെന്നാണ് നാട്ടുകാർ പറയുന്നത്. കോളനി ഉപരോധത്തിനു ശേഷം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്.