‘കൂടെയുള്ളവർ സഹായിച്ചതേയുള്ളൂ’: പേരാവൂരിലും പയ്യന്നൂരിലും വീട്ടുവോട്ടിൽ വീഴ്ചയില്ലെന്ന് കലക്ടര്‍
Mail This Article
കണ്ണൂർ ∙ പേരാവൂരിലും പയ്യന്നൂരിലും വീടുകളില്‍ നടന്ന വോട്ടെടുപ്പില്‍ വീഴ്ചയില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രണ്ടിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത് വിഡിയോ പരിശോധനയിലാണെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്‍ വ്യക്തമാക്കി. രണ്ടിടങ്ങളിലും സിപിഎം നേതാക്കള്‍ ഇടപെട്ട് വോട്ടു ചെയ്യിപ്പിച്ചെന്ന യുഡിഎഫ് പരാതി തള്ളി.
വോട്ടു ചെയ്യാൻ കൂടെയുള്ളവർ സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് കണ്ടെത്തൽ. 106 വയസ്സുളള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു പേരാവൂരിലെ യുഡിഎഫ് പ്രവർത്തകരുടെ പരാതി. എന്നാൽ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് കണ്ടെത്തൽ.
പയ്യന്നൂരിൽ 92 വയസ്സ് പ്രായമുളള വയോധികന്റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു പരാതി. ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ പരാതികൾ തളളിയത്.