ADVERTISEMENT

പത്തനംതിട്ട ∙ ആറന്മുള നിയോജക മണ്ഡലത്തിൽ‌ കള്ളവോട്ടു നടന്നെന്ന എൽ‌ഡിഎഫിന്റെ പരാതിയിൽ, രണ്ട് പോളിങ് ഓഫിസർമാരെയും ബിഎൽഒയെയും സസ്പെൻഡു ചെയ്തു. ബിഎൽഒ അമ്പിളി ദേവി, പോളിങ് ഓഫിസർമാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് അസാധുവായി കണക്കാക്കും.

ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകൾ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകുമെന്നും കലക്ടർ അറിയിച്ചു. എന്നാൽ സീരിയൽ നമ്പർ മാറിപ്പോയതാണെന്നും അബദ്ധവശാൽ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും നൽകുന്ന വിശദീകരണം.

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവില്‍ 92കാരി കെ.ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കള്ളവോട്ട് ചെയ്തയാള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

English Summary:

3 polling officials suspended in relation with bogus voting at Aranmula, Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com