ADVERTISEMENT

ഗ്രീന്‍ ടീ കുടിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ഗ്രീന്‍ ടീയുടെ തന്നെ മറ്റൊരു രൂപമായ മാച്ച ടീ കുടിച്ചോളൂ, ഗുണങ്ങള്‍ കൂടും. 

നല്ല വെയിലുള്ള കുന്നിന്‍ചെരിവുകളില്‍ കൃഷി ചെയ്യുന്ന മറ്റു തേയിലകളില്‍ നിന്നും വ്യത്യസ്തമായി, തണലിൽ വളർത്തിയ 'കാമെലിയ സിനെൻസിസ്' എന്ന ഇനത്തില്‍പ്പെട്ട തേയില ഇലകളിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നതാണ് മാച്ച. ഇങ്ങനെ തണലിൽ വളർത്തുന്നത് മാച്ചയ്ക്ക് അതിന്‍റെ സവിശേഷമായ തിളക്കമുള്ള പച്ച നിറവും ശക്തമായ ഉമാമിരുചിയും നൽകുന്നു. 

വിളവെടുപ്പിനുശേഷം, ഇലകളിൽ നിന്ന് തണ്ടുകളും ഞരമ്പുകളും നീക്കം ചെയ്യുകയും, പിന്നീട് വെയില്‍ നേരിട്ട് കൊള്ളിക്കാതെ തണലില്‍ വച്ചുണക്കിയ ഇലകള്‍ പൊടിച്ച് നേർത്ത, തിളക്കമുള്ള പച്ച പൊടിയാക്കി മാറ്റുകയും ചെയ്യുന്നു. ഇത് നേരിട്ട് വെള്ളത്തില്‍ കലക്കി അരിക്കാതെയാണ് കുടിക്കുന്നത്. മുഴുവൻ ഇലപ്പൊടിയും കഴിക്കുന്നതിനാൽ, ഗ്രീൻ ടീയേക്കാൾ കൂടുതൽ കഫീനും ആന്‍റി ഓക്‌സിഡന്റുകളും ഇതിലൂടെ കിട്ടുന്നു. ഗ്രീന്‍ ടീയുടെ ഇരട്ടി അളവില്‍ കഫീന്‍ ഇതിലുണ്ട്.

300587603
Image credit:Chiociolla/Shutterstock

തണലില്‍ വളര്‍ത്തുന്നത്, ഇലകളിലെ ക്ലോറോഫില്ലിന്‍റെയും കഫീന്‍റെയും മൊത്തം സ്വതന്ത്ര അമിനോ ആസിഡുകളുടെയും അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഇലകൾക്ക് ഇരുണ്ട പച്ച നിറം നല്‍കുന്നു. കൂടിയ അളവില്‍ ഉള്ള അമിനോ ആസിഡുകൾ, തിയാനൈൻ, സുക്സിനിക് ആസിഡ്, ഗാലിക് ആസിഡ്, തിയോഗാലിൻ എന്നിവയാണ് മാച്ചയുടെ ശക്തമായ രുചിക്ക് കാരണം. 

കയ്പ് ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍, മാച്ച പലപ്പോഴും മധുരപലഹാരങ്ങള്‍ക്കൊപ്പമോ പാലിനൊപ്പമോ ചേർത്താണ് വിളമ്പുന്നത്. സ്മൂത്തികളിലും ബേക്കിംഗിലും മാച്ച പൊടി ജനപ്രിയമാണ്.

മാച്ച ചൈനയിലാണ് ഉത്ഭവിച്ചത്, ഇതിന്‍റെ ഉത്പാദനം 14-ാം നൂറ്റാണ്ടിൽ ചൈനയിൽ നിരോധിച്ചു. പിന്നീട് ഇത് ചൈനയില്‍ വ്യാപകമായി. ഇന്ന് ലോകത്ത് ലഭിക്കുന്ന മികച്ച മാച്ച വരുന്നത് ജപ്പാനില്‍ നിന്നാണ്. ജപ്പാനിലെ മോച്ചി, സോബ നൂഡിൽസ്, ഗ്രീൻ ടീ ഐസ്ക്രീം, മച്ച ലാറ്റെസ്, വിവിധതരം ജാപ്പനീസ് വാഗാഷി മിഠായികൾ തുടങ്ങിയ ഭക്ഷണങ്ങൾക്ക് രുചി നൽകാനും നിറം നൽകാനും മാച്ച ഉപയോഗിക്കുന്നു. ഈ ആവശ്യത്തിനായി, തണലിൽ വളർത്തിയ വിലകൂടിയ മാച്ചയ്ക്ക് പകരം കളർ ചേര്‍ത്ത് പച്ചനിറം കൂട്ടിയ മാച്ചയാണ് പലപ്പോഴും ഉപയോഗിക്കുന്നത്.

2366497769
Image credit:New Africa/Shutterstock

പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നതുകൊണ്ടുതന്നെ വളരെ വിലകൂടിയ ചായ ഇനമാണ് മാച്ച. അര കിലോയ്ക്ക് ഏഴായിരം രൂപ മുതലാണ് പ്രീമിയം ഗ്രേഡ് ചായപ്പൊടിയുടെ വില വരുന്നത്.

ഉപയോഗിക്കുന്ന പൊടിയുടെ അളവനുസരിച്ച്, മാച്ച ചായ മൂന്നു രീതികളില്‍ തയ്യാറാക്കാം. 

സ്റ്റാൻഡേർഡ് : 1 ടീസ്പൂൺ മാച്ച പൊടി 2 ഔൺസ് (59 മില്ലി) ചൂടുവെള്ളത്തിൽ കലർത്തുന്നു.

ഉസുച്ച (നേർത്തത്) : ഏകദേശം 1/2 ടീസ്പൂൺ മച്ച 3–4 ഔൺസ് (89–118 മില്ലി) ചൂടുവെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്നു.

കൊയ്‌ച്ച (കട്ടിയുള്ളത്) : ജാപ്പനീസ് ചായ ചടങ്ങുകളിൽ ഉപയോഗിക്കുന്ന ഈ കട്ടിയുള്ള പതിപ്പിൽ 1 ഔൺസ് (30 മില്ലി) ചൂടുവെള്ളത്തിൽ 2 ടീസ്പൂൺ മച്ച ഉപയോഗിക്കുന്നു. 

മാച്ചയുടെ ഗുണങ്ങള്‍

മനുഷ്യരുടെ ആരോഗ്യത്തില്‍ മാച്ചയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങൾ പരിമിതമാണ്, എന്നാൽ മൃഗങ്ങളില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഇത് വൃക്കയ്ക്കും കരളിനും കേടുപാടുകൾ വരുത്താനുള്ള സാധ്യത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്നാണ്. 

മാച്ചയിൽ ആന്‍റി ഓക്‌സിഡന്റുകൾ വളരെ കൂടുതലാണ്, പ്രത്യേകിച്ച് കാറ്റെച്ചിനുകൾ. സാധാരണ ഗ്രീൻ ടീയേക്കാൾ 10 മടങ്ങ് കൂടുതൽ ആന്‍റി ഓക്‌സിഡന്റുകൾ മാച്ചയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതിലുള്ള ഏറ്റവും ശക്തമായ കാറ്റെച്ചിൻ എപ്പിഗല്ലോകാടെച്ചിൻ ഗാലേറ്റ്(EGCG) ആണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും  ആരോഗ്യകരമായ ധമനികൾ നിലനിർത്താൻ സഹായിക്കുകയും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്യും. 

ആന്‍റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം എന്നതിന് പുറമേ, മാച്ച ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന സവിശേഷ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും. ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ന്യൂറോണുകളെയും മറ്റ് കോശങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന ആന്‍റി ഓക്‌സിഡന്റായ ഗ്ലൂട്ടത്തയോണിന്‍റെ അളവ് എൽ-തിയനൈൻ വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ മാച്ച അമിതമായി കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ പ്രതിദിനം 2 കപ്പിൽ (474 ​​മില്ലി) കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഐസ്ഡ് മാച്ച ലാറ്റെ ഉണ്ടാക്കാം

കോഫീ ഷോപ്പുകളില്‍ കിട്ടുന്നത് പോലുള്ള ഐസ്ഡ് മാച്ച ലാറ്റെ വീട്ടില്‍ ഉണ്ടാക്കാം

ചേരുവകൾ

1 ടീസ്പൂൺ മാച്ച പൊടി

2 ടേബിൾസ്പൂൺ ചൂടുവെള്ളം (തിളപ്പിക്കരുത്, ഏകദേശം 80°C)

1 കപ്പ് പാൽ 

1-2 ടീസ്പൂൺ മധുരം (തേൻ, മേപ്പിൾ സിറപ്പ്, അല്ലെങ്കിൽ പഞ്ചസാര)

ഐസ് ക്യൂബുകൾ

ഉണ്ടാക്കുന്ന വിധം

- മാച്ച ഒരു പാത്രത്തിലേക്കോ കപ്പിലേക്കോ ഇട്ടു ഇളക്കുക.

- ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. മാച്ച വിസ്‌ക് (ചേസൺ) അല്ലെങ്കിൽ ഒരു ഫ്രോത്തർ ഉപയോഗിച്ച് നുര വരുന്നത് വരെ അടിക്കുക .

- ഒരു ഗ്ലാസ്സിൽ ഐസ് നിറച്ച് പാൽ ഒഴിക്കുക. മധുരം കൂടി ചേർത്ത് നന്നായി ഇളക്കുക.

- ഇതിനു മുകളിൽ മാച്ച ഒഴിക്കുക. ഇളക്കി കഴിക്കുക.

English Summary:

Matcha Green Tea Benefits

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com