നമ്മ മെട്രോയിൽ ദിവസവും 8 ലക്ഷം യാത്രക്കാർ; വേണ്ടത് 78 ട്രെയിൻ, ഉള്ളത് 47 എണ്ണം

Mail This Article
ബെംഗളൂരു ∙ നമ്മ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുന്നതിനിടെ, മുൻപ് നിശ്ചയിച്ച പ്രകാരം ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2011ൽ ബിഎംആർസിയുടെ പദ്ധതി റിപ്പോർട്ട് പ്രകാരം 78 ട്രെയിനുകളാണ് പർപ്പിൾ, ഗ്രീൻ പാതകളിലായി സർവീസ് നടത്തേണ്ടത്. എന്നാൽ നിലവിൽ 47 എണ്ണം മാത്രമേയുള്ളൂ. ഏറ്റവും നീളമുള്ള വൈറ്റ്ഫീൽഡ്–ചല്ലഘട്ടെ പാതയിൽ 25 ട്രെയിനുകൾ മാത്രമാണുള്ളത്. 43 ട്രെയിനുകൾ സർവീസ് നടത്തേണ്ട സ്ഥാനത്താണിത്.
സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര പാതയിൽ 22 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 13 ട്രെയിനുകളുടെ കുറവാണ് പാതയിലുള്ളത്. സർവീസ് കുറവായതിനാൽ തന്നെ, മിക്ക മെട്രോ ട്രെയിനുകളിലും നിയന്ത്രണാതീതമായ തിരക്കാണ്. 6 കോച്ചുകളുള്ള ഒരു മെട്രോ ട്രെയിനിൽ 1,626 പേർക്കു യാത്ര ചെയ്യാം. എന്നാൽ തിരക്കേറിയ സമയങ്ങളിൽ ഇതിൽ കൂടുതൽ പേർ കയറാറുണ്ട്. തിരക്കു മുതലെടുത്ത് സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളും നടത്തുന്നതും പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മെട്രോ കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിക്കാൻ ബിഎംആർസി ഒരുങ്ങുന്നതിനാൽ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ ട്രെയിനുകളുടെ എണ്ണം ഉയർത്തേണ്ടതുണ്ട്.
∙ വരും കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ
ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലേക്കുള്ള കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗർഹ് റെയിൽ സിസ്റ്റംസ് (ടിആർഎസ്എൽ) നിർമിച്ച ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഓഗസ്റ്റിൽ ബിഎംആർസിക്കു കൈമാറും. 6 കോച്ചുകൾ വീതമുള്ള 14 ട്രെയിനുകളാണ് ടിആർഎസ്എൽ അടുത്ത വർഷം ഫെബ്രുവരിക്കു മുന്നോടിയായി കൈമാറേണ്ടത്.
നേരത്തേ ചൈന റെയിൽവേ റോളിങ് സ്റ്റോക് കോർപറേഷൻ നിർമിച്ച ട്രെയിനുകൾ ബിഎംആർസിക്കു കൈമാറിയിരുന്നു. ഇതുപയോഗിച്ച് ട്രാക്കിൽ പരീക്ഷണയോട്ടം ഉൾപ്പെടെ പുരോഗമിക്കുകയാണ്. 6 ട്രെയിനുകൾ ഉപയോഗിച്ച് ഡിസംബറിൽ സർവീസ് നടത്താനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്. ട്രെയിനുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവ ഉപയോഗിച്ച് സർവീസ് വിപുലീകരിക്കും.