സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
Mail This Article
സിംഗപ്പൂർ ∙ രാജ്യത്ത് കോവിഡ് കേസുകളിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി സർക്കാർ. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു.
മുൻ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കോവിഡ് കേസുകളാണെങ്കിൽ, മേയ് 5 മുതൽ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയോളമാണ്- 25,900 കേസുകൾ. ഈ കാലയളവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ൽനിന്ന് 250 ആയി ഉയർന്നു. കോവിഡ് കേസുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവയ്ക്കാൻ ആശുപത്രികൾക്കു നിർദേശം നൽകി. പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും.
പടിപടിയായി ഉയരുന്ന കോവിഡ് കേസുകൾ പുതിയ തരംഗത്തിന്റെ ലക്ഷണമാണെന്ന് സർക്കാർ വിലയിരുത്തുന്നു. അടുത്ത രണ്ട്–നാല് ആഴ്ചയ്ക്കുള്ളിൽ കേസുകളുടെ എണ്ണം മൂർധന്യത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.