ശിവജി പ്രതിമ തകർന്ന സംഭവം: ശിൽപി ജയ്ദീപ് ആപ്‌തെയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Mail This Article
മുംബൈ ∙ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി ജയ്ദീപ് ആപ്‌തെ പൊലീസ് കസ്റ്റഡിയിൽ. ബുധനാഴ്ച സിന്ധുദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത ജയ്ദീപ് ആപ്‌തെയെ കോടതി സെപ്റ്റംബർ 10 വരെയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ശിവജി പ്രതിമയുടെ ശിൽപിക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു.
‘‘ഛത്രപതി ശിവജി നമ്മുടെ ദൈവമാണ്. സംഭവിച്ചതു വളരെ ദൗർഭാഗ്യകരമാണ്. ഇക്കാര്യം രാഷ്ട്രീയവൽക്കരിക്കുന്നതും നിർഭാഗ്യകരം. ശിൽപി ജയ്ദീപ് ആപ്‌തെയ്ക്കെതിരെ അന്വേഷണം നടത്തും’’– ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സിന്ധുദുർഗ് ജില്ലയിലെ 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ ഓഗസ്റ്റ് 26നാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ 4ന് നാവിക ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്.