‘പരിശോധിക്കുകയാണ്, എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷ; കുറച്ച് കാത്തിരിക്കൂ’
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷയുണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണിയിൽ അതൃപ്തിയില്ല. ആശങ്ക വേണ്ടെന്നും കുറച്ച് കാത്തിരിക്കാനും മുന്നണി യോഗത്തിനുശേഷം കൺവീനർ പറഞ്ഞു.
അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിൽ എന്താണ് ചർച്ച നടത്തിയതെന്നാണ് പ്രധാനമായി പരിശോധിക്കേണ്ടതെന്നു കൺവീനർ പറഞ്ഞു. പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത് കുമാറിന്റെ പേര് പരാമർശിക്കുന്നുണ്ട്. പരാതികൾ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ, തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എൽഡിഎഫിന്റെ നിലപാട്.
അജിത് കുമാറിന്റെ കാര്യത്തിൽ സർക്കാർ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ ബോധ്യം. ആർഎസ്എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എൽഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും സിപിഎമ്മിന്റെയോ ഇടതു പാർട്ടികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആർഎസ്എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാർട്ടികൾ. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കാനാകില്ല. ആരോപണം ശരിയാണെങ്കിൽ കടുത്ത ശിഷ കൊടുക്കണം. ആ നിലപാടിൽനിന്ന് മാറുന്നില്ല. കുറച്ച് കാത്തിരിക്കൂ. ഒരു ആശങ്കയും വേണ്ട. മുന്നണിയിൽ ഒരു അതൃപ്തിയും ഇല്ല– ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസ് നേതാക്കളെ അജിത് കുമാർ കണ്ടതല്ല പ്രശ്നം, എന്തിന് കണ്ടു എന്നതാണ്. കാണാൻ പാടില്ല എന്നു പറയാൻ കഴിയില്ല. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനല്ല ഇ.പി.ജയരാജനെ മാറ്റിയത്. സംഘടനാപരമായ കാര്യമാണത്. എന്ത് ജോലി ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. എ.എൻ.ഷംസീർ സ്പീക്കറാണ്. സ്പീക്കറുടേത് ഭരണഘടനാപദവിയാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാ അഭിപ്രായങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന ആണെന്നുമായിരുന്നു ഷംസീര്‍ പ്രതികരിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വയനാടിന്റെ പുനരധിവാസം സംബന്ധിച്ച് ശക്തമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ആരു ചെയ്താലും അതു തെറ്റാണ്. പി.വി.അന്‍വര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കുന്നുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതെല്ലാം അന്വേഷിക്കും. പി.ശശിയെക്കുറിച്ച് അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് എഴുതി കൊടുക്കട്ടെ. ആദ്യത്തെ പരാതിയില്‍ ശശിയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ല. അന്‍വര്‍ പറയുന്നിടത്താണോ കേരളം നില്‍ക്കുന്നത്. പരാതി ഉണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും കൺവീനർ പറഞ്ഞു.