3 കുടുംബങ്ങൾ ജമ്മു കശ്മീരിനെ തകർത്തു; തീവ്രവാദം ഇവിടെ അന്ത്യശ്വാസം വലിക്കുന്നു: പ്രധാനമന്ത്രി
Mail This Article
ശ്രീനഗർ∙ മൂന്നു കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ് പാർട്ടികളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഈ തിരഞ്ഞെടുപ്പു മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നു. കശ്മീരിനെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല. ജമ്മു കശ്മീരിൽ തീവ്രവാദം അവസാന ശ്വാസം വലിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സ്ഥാനാർഥികളെ പിന്തുണച്ചു ജമ്മു മേഖലയിലെ ദോഡ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മാസം 18നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണ റാലിയാണിത്. 42 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ദോഡ മേഖലയിൽ എത്തുന്നത്. വൻ സുരക്ഷാ വലയത്തിലായിരുന്നു തിരഞ്ഞെടുപ്പ് റാലി.
‘‘സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീർ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബാധിപത്യ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളിൽ നിന്ന് പൊള്ളയാക്കുകയും ചെയ്തു. കുടുംബ പാർട്ടികൾ സ്വന്തം മക്കളെ മാത്രമാണു വളർത്തിയത്. പുതിയ നേതൃത്വം വളരാൻ അവർ അനുവദിച്ചില്ല. 2014ൽ ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് തൊട്ടു പിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അന്ത്യശ്വാസം വലിക്കുകയാണ്.’’– പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി ഭരണകാലത്ത് പാർട്ടിയുടെ ഊർജം ഈ പ്രദേശത്തെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനും വളർച്ചയുടെ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമിടുന്നതിനും കുടുംബ പാര്‍ട്ടികളുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനും ചെലവിട്ടുവെന്നും മോദി കൂട്ടിച്ചേർത്തു. തന്റെ സർക്കാർ ജമ്മു കശ്മീരിലെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി.കോളജുകളിൽ സീറ്റുകൾ വർധിപ്പിച്ചു. ഈ മേഖലയിലെ യുവാക്കൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പകരം ഇവിടെയുള്ള കോളജുകളിൽ പോകാമെന്നും മോദി പറഞ്ഞു.