ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു, പിന്നാലെ അടിപിടി; കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തി യാത്രക്കാരൻ
Mail This Article
വെല്ലൂർ∙ ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ തിരിച്ചടിച്ചു.
അടിപിടിക്കിടെ ഇരുവർക്കും സാരമായി പരുക്കേറ്റു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദൻ ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.