ADVERTISEMENT

കൊച്ചി ∙ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ടവേഴ്സ് പൊളിച്ച് പുതിയത് നിർമിക്കാൻ ഹൈക്കോടതി ഉത്തരവ്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്. അപ്പാർട്മെന്റ് സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിക്കേണ്ടത്. ഇവിടുത്തെ താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കാനും കോടതി നിർദേശിച്ചു.

ടവറുകൾ പൊളിച്ച് പുതിയവ നിർമിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കുമായി രണ്ടാഴ്ചയ്ക്കുള്ളിൽ കലക്ടർ ഒരു സമിതി രൂപീകരിക്കണം. സ്ട്രക്ചറൽ എൻജിനീയർ, റസിഡന്റ്സ് അസോസിയേഷന്റെ 2 പ്രതിനിധികൾ, നഗരസഭ എൻജിനിയർ, ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ പ്രതിനിധി എന്നിവരാണ് ഈ സമിതിയിൽ ഉണ്ടാകേണ്ടത്.

സൈനികർക്കും വിരമിച്ചവർക്കുമായി ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ 2018ലാണ് താമസക്കാർക്ക് കൈമാറിയത്. എന്നാൽ 208 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന ബി, സി ടവറുകളുടെ നിർമാണ പിഴവുകൾ അതേവർഷം തന്നെ പുറത്തുവരികയും ചെയ്തിരുന്നു. ടവറുകൾ അപകടാവസ്ഥയിലാണെന്നും താമസക്കാരെ എത്രയുംവേഗം ഒഴിപ്പിക്കണമെന്നും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ ഉൾപ്പെടെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കെട്ടിടം പുതുക്കിപ്പണിയുന്നതിനായിരുന്നു എഡബ്ല്യുഎച്ച്ഒ മുൻതൂക്കം നൽകിയത്. ഇതിനെതിരെ റിട്ട.കേണൽ സിബി ജോർജ് ഉൾപ്പെടെയുള്ള താമസക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ റിപ്പോർട്ടുകൾ, കേരള മുൻസിപൽ ബിൽഡിങ് റൂൾസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, ജില്ലാ കലക്ടറുടെ മുൻ ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കോടതി വിധി പറയുകയായിരുന്നു.

ടവറുകൾ പൊളിച്ചു നിർമിക്കുന്നതിന് എഡബ്ല്യുഎച്ച്ഒ നൽകാമെന്ന് പറഞ്ഞിരിക്കുന്ന 175 കോടി രൂപ സമിതി നിർദേശിക്കുന്ന വിധത്തിൽ നൽകണം. മാത്രമല്ല, ഈ ടവറുകൾ രൂപകൽപന ചെയ്തവരിൽ നിന്നും നിർമാതാക്കളിൽ നിന്നും എഡബ്ല്യുഎച്ച്ഒ തിരിച്ചുപിടിക്കുന്ന തുകയും നിർമാണത്തിനായി ചെലവഴിക്കാം. ചെലവായ പണം തിരികെ പിടിക്കാൻ പഴയ ടവറുകൾ നിന്ന സ്ഥലത്ത് കൂടുതൽ നിലകൾ നിർമിക്കുന്നതടക്കം നിയമം അനുശാസിക്കുന്ന കാര്യങ്ങൾ എഡബ്ല്യുഎച്ച്ഒയ്ക്ക് ചെയ്യാം.

2018 മുതൽ ഈ ടവറുകളിൽ താമസിക്കുകയോ ഇവ വാടകയ്ക്ക് നൽകുകയോ ചെയ്തവർക്ക് ഇനി ലഭിക്കുന്നത് പുതിയ അപ്പാർട്മെന്റുകളാണ് ഈ സാഹചര്യത്തിൽ ഉടമസ്ഥർക്ക് പുതിയ അപ്പാർട്മെന്റുകൾ നൽകുന്നതിനു മുൻപ് എത്ര പണം കൂടുതലായി ഈടാക്കണമെന്ന് സമിതിക്ക് തീരുമാനിക്കാം. ബി,സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിക്കുമ്പോൾ അവർക്ക് പുതിയ താമസസ്ഥലം കണ്ടെത്തുന്നതിനായി വാടക ഇനത്തിൽ യഥാക്രമം 21,000, 23,000 രൂപ വീതം എല്ലാ മാസവും നൽകണമെന്നും കോടതി ഉത്തരവിട്ടു.

English Summary:

Chandrakunj Army Towers demolition is ordered by the Kerala High Court due to significant structural flaws. The court mandated reconstruction, resident relocation, and financial assistance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com