പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നതിന് അടിച്ചു പല്ലു പൊട്ടിച്ച് പൊലീസ്; എസ്പിക്ക് പരാതി നൽകിയിട്ടും നടപടിയില്ല

Mail This Article
ഇടുക്കി ∙ കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് മർദിച്ച കേസിൽ പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല. കമ്പംമെട്ട് സിഐ ഷമീർഖാനെതിരെയാണ് പരാതി. നടപടി വൈകുന്നതിൽ മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് മർദനമേറ്റ മുരളീധരൻ. കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
പുതുവത്സരദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവർക്കാണ് പൊലീസിന്റെ ക്രൂരമർദനമേറ്റത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങൾ ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മർദനത്തിൽ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരൻ പറയുന്നു. മർദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോടു പറഞ്ഞിരുന്നില്ല. പിന്നീട് വിഡിയോ പ്രചരിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു മകൾ അശ്വതി പറഞ്ഞു.
എസ്‌പി ഓഫിസിൽ പരാതി നൽകിയതിനു പിന്നാലെ ഡിവൈഎസ്‌പി ഓഫിസിൽ വിളിച്ചു മൊഴിയെടുത്തിരുന്നു. പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ആശുപത്രി ചെലവു വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. പത്തനംതിട്ടയിൽ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ പിറ്റേ ദിവസമാണ് കൂട്ടാറിലെ വാർത്തയും പുറത്തുവന്നത്.