‘ഒരു എക്സിക്യൂട്ടീവ് നിയമനത്തിലും ചീഫ് ജസ്റ്റിസ് ഇടപെടരുത്; അഭിപ്രായ വ്യത്യാസം ഏറ്റുമുട്ടലിലേക്ക് നയിക്കരുത്’

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് എക്സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ഇടപെടരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്റ്റിസിന് എങ്ങനെ പങ്കെടുക്കാനാകുമെന്നും അതിന് എന്തെങ്കിലും നിയമപരമായ യുക്തിയുണ്ടോയെന്നും ജഗ്ധീപ് ധൻകർ ചോദിച്ചു. ‘‘ഈ തീരുമാനം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏത് എക്സിക്യൂട്ടീവ് നിയമനത്തിലും നമുക്ക് എങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താനാകും.’’ – ജഗ്ദീപ് ധൻകർ ചോദിച്ചു. ഭോപാലിലെ ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
‘‘സ്ഥാപനങ്ങൾ അവയുടെ അതിരുകൾ മറക്കുമ്പോൾ, ഈ മറവി നൽകുന്ന മുറിവുകളിലൂടെയാണ് ജനാധിപത്യം ഓർമിക്കപ്പെടുന്നത്. ജനങ്ങളുടെ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഭരണം ഭരണഘടനാപരമായി പവിത്രമാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ എക്സിക്യൂട്ടീവ് റോളുകൾ നിർവഹിക്കുമ്പോഴാണ് ഉത്തരവാദിത്തം നടപ്പിലാക്കാൻ കഴിയുക.’’ – ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
‘‘നിയമനിർമാണം ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ ജുഡീഷ്യൽ അവലോകനം ആവശ്യമാണ്. എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി വരുത്തുമ്പോൾ, അതിന്റെ അധികാരം ഇന്ത്യൻ പാർലമെന്റിനു മാത്രമാണ്. ജനങ്ങളുടെ ഇഷ്ടം ഏറ്റവും പവിത്രമായ വേദിയിൽ തിരഞ്ഞെടുപ്പുകളിലൂടെ പ്രതിഫലിക്കുന്നു.’’ – അദ്ദേഹം പറഞ്ഞു.
അഭിപ്രായ വ്യത്യാസം ഏറ്റുമുട്ടലിലേക്ക് നയിക്കരുത്. അഭിപ്രായ വ്യത്യാസം ഒരു പൊതു നിലപാട് കണ്ടെത്തുന്നതിനായിരിക്കണം. ചിലപ്പോൾ വഴങ്ങുന്നത് വിവേചനാധികാരത്തിന്റെ മികച്ച ഭാഗമാണെന്നും ജഗ്ധീപ് ധൻകർ പറഞ്ഞു.