കേരളത്തിൽ ‘താമര’ വിരിഞ്ഞിട്ടില്ലെന്ന് പീയുഷ് ഗോയൽ; പ്രതിപക്ഷത്ത് ഞങ്ങളായതു കൊണ്ടാണ് ഹർത്താൽ ഇല്ലാത്തതെന്ന് സതീശൻ

Mail This Article
കൊച്ചി ∙ കേരളത്തിന്റെ വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നു കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. കേരളത്തിലേക്ക് ഇപ്പോൾ കൂടുതൽ നിക്ഷേപകർ എത്തുകയും വികസനം ദ്രുതഗതിയിലാവുകയും തൊഴിലവസരങ്ങൾ കൂടുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത്’ സങ്കൽപത്തിനു കരുത്തേകാൻ കേരളത്തിന്റെ ഈ മാറ്റത്തിനു കഴിയുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
ടൂറിസം മുതൽ അടിസ്ഥാനസൗകര്യ മേഖലകളിൽ വരെ കേരളത്തിൽ മാറ്റം പ്രകടമാണ്. റോഡ് നിർമാണത്തിൽ വലിയ പുരോഗതിയുണ്ട്. സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിനു ഗതിവേഗം പകരും. അതിവേഗ റെയിൽപദ്ധതി കാസർകോട്-തിരുവനന്തപുരം യാത്രാസമയം ഗണ്യമായി കുറയ്ക്കും. 51 ഫെവ്സ്റ്റാർ ഹോട്ടലുകൾ ഉണ്ടെന്നത് കേരളത്തിൽ ടൂറിസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. കേരളത്തിന്റെ വികസനത്തിൽ സിയാൽ (കൊച്ചി വിമാനത്താവളം) മികച്ച മാതൃകയാണ്. മന്ത്രി പി. രാജീവ് മികച്ച പാർലമെന്റ് അംഗമായിരുന്നുവെന്നു പറഞ്ഞ ഗോയൽ, കേരളത്തിൽ ‘താമര’ വിരിഞ്ഞിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ തമാശയായി പറഞ്ഞു.
കേരളത്തിൽ ഇടതു സർക്കാർ സ്വപ്നപദ്ധതിയായി കരുതുന്ന സിൽവർലൈൻ പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച പീയുഷ് ഗോയൽ പറഞ്ഞു. പദ്ധതി സംബന്ധിച്ചും ജനങ്ങൾക്കുള്ള ആശങ്ക സംബന്ധിച്ചും ചില ചോദ്യങ്ങൾ സംസ്ഥാന സർക്കാരിനോടു മന്ത്രാലയം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ മറുപടി ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻവെസ്റ്റ് കേരളയ്ക്ക് എല്ലാ പിന്തുണയും യുഡിഎഫ് നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ഹർത്താലുകളില്ല. അതു പ്രതിപക്ഷത്ത് ഞങ്ങളായതു കൊണ്ടാണ്. എൽഡിഎഫ് ആയിരുന്നു പ്രതിപക്ഷത്തെങ്കിൽ ചിത്രം മറിച്ചാകുമായിരുന്നു. യുഎഡിഫ് കേരളത്തിന്റെ വികസനത്തിനും ഇൻവെസ്റ്റ് കേരളയ്ക്കും എല്ലാ പിന്തുണയും നൽകുമെന്നും സതീശൻ പറഞ്ഞു.