‘കടൽമണലെടുത്താൽ എല്ലാവർക്കും ദുരനുഭവം; മൽസ്യങ്ങളെ ബാധിക്കും; പാഠമാകണം ഇന്തൊനീഷ്യ’

Mail This Article
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കടലിൽനിന്നു മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അറിഞ്ഞതു മുതൽ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. കൊല്ലം ജില്ലയിൽ ഇപ്പോൾ തിരഞ്ഞെടുത്ത സ്ഥലത്ത് ഖനനം നടന്നാൽ, മത്സ്യബന്ധനത്തിന് ഏറ്റവും പേരുകേട്ട കൊല്ലം പരപ്പ് എന്ന കടൽ മേഖലയൊന്നാകെ നഷ്ടമാകുമെന്ന ഭയമാണ് മത്സ്യത്തൊഴിലാളികൾക്ക്. മണൽ ഖനനം കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പദ്ധതിയെ എതിർക്കുന്നവർ ഉയർത്തുന്നു. ഈ വിഷയത്തിൽ, സസ്റ്റൈനബിൾ സീഫുഡ് നെറ്റ് വർക്ക് ഒാഫ് ഇന്ത്യയുടെ അധ്യക്ഷനും ശാസ്ത്രജ്ഞനുമായ ഡോ.കെ.സുനിൽ മുഹമ്മദ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
കടൽ മണൽ ഖനനത്തിനു കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത കൊല്ലം പരപ്പ് കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് ?
കൊല്ലം പരപ്പ് എന്നു പറയുന്നത് മത്സ്യബന്ധനത്തിന് ഏറ്റവും അനുയോജ്യമായ ഫിഷിങ് ഗ്രൗണ്ടാണ്. മത്സ്യബന്ധന മേഖലയില്‍ പ്രവർത്തിക്കുന്ന ധാരാളം ബോട്ടുകൾ ഇവിടെയുണ്ട്. ഒട്ടേറെ ആളുകളുടെ ഉപജീവനവും ഇതിലൂടെ സാധ്യമാവുന്നുണ്ട്. കൊല്ലത്തേക്ക് മണൽ ഖനനത്തിനു വരുമ്പോള്‍ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള ബ്ലൂ ഇക്കോണമി (നീല സമ്പദ്‌വ്യവസ്ഥ) ഓർക്കേണ്ടതുണ്ട്. കടലിൽ നടക്കുന്ന വ്യത്യസ്ത തരത്തിലുള്ള പ്രവൃത്തികൾ തമ്മിൽ സംഘർഷം ഉണ്ടാവരുതെന്നതാണ് ഈ വ്യവസ്ഥയുടെ പ്രധാന ഭാഗം. അതായത് മത്സ്യബന്ധനം, ഷിപ്പിങ്, ഖനനം പോലെയുള്ള പ്രവർത്തനങ്ങൾക്കായി, അവ തമ്മിൽ സംഘർഷമുണ്ടാകാതെ ഓരോ മേഖല തിരഞ്ഞെടുക്കണം. എന്നാൽ കൊല്ലം പരപ്പിൽ ഖനനാനുമതി നൽകി ഈ നയം കേന്ദ്രസർക്കാർ തന്നെ അട്ടിമറിക്കുകയാണ് ഇപ്പോൾ.

മണൽ ഖനനം ചെയ്യുന്നത് എതിർക്കപ്പെടേണ്ട ഒന്നാണോ? ഇത് എത്രത്തോളം ആവശ്യകരമാണ് ?
കടലിൽ ഖനനം പാടില്ല എന്നു വിശ്വസിക്കുന്നയാളല്ല ഞാൻ. എന്നാൽ അതിനായി ഇറങ്ങുമ്പോൾ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. കരയിൽ ഖനനത്തിനുള്ള നിയമങ്ങളും ചട്ടങ്ങളുമെല്ലാം ഉണ്ട്. ഈ നിയമങ്ങൾ ഒട്ടേറെത്തവണ ഭേദഗതി ചെയ്തിട്ടുമുണ്ട്. അതേസമയം കടലിൽ മണൽഖനനം ചെയ്യുന്നതിന് ഒരു നിയമവുമില്ല. അപ്പോള്‍ എങ്ങനെയാവും ഇവിടെ ഖനനം നടത്തുന്നത്.
ഖനനത്തെക്കുറിച്ച് അറിഞ്ഞതു മുതൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്.
മത്സ്യബന്ധനം നടക്കുന്ന സ്ഥലത്ത് ഖനനം ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്. അവിടെ എത്ര മണൽ നിക്ഷേപമുണ്ടെങ്കിലും അത് അവിടെ അങ്ങനെ തുടരട്ടെ എന്നു പറയാനാണ് സർക്കാർ തയാറാവേണ്ടത്.
കടലിലെ ഖനനത്തെ വനഭൂമി കയ്യേറ്റം പോലെ കാണാനാവുമോ?
കാടും കടലും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല. പ്രധാന കാര്യം, വനത്തിൽ എന്തു ചെയ്താലും അതു നമുക്കു കാണാനാവും; അതുമൂലമുള്ള ആഘാതങ്ങളും. അതേസമയം കടലിൽ നമ്മള്‍ കാണുന്നത് വെള്ളമാണ്. അതു കാണുമ്പോൾ തോന്നുക ഇവിടെ എല്ലാം ശാന്തമാണ് എന്നാവും. അതേസമയം കടലിന്റെ അടിത്തട്ടിൽ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് അറിയേണ്ടിയിരിക്കുന്നു. കടലിൽ എന്തു ചെയ്താലും അതിന്റെ പ്രത്യാഘാതം ഉണ്ടാവും.
ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്.
പഠനം നടത്തിയത് കടലിൽ എവിടെയൊക്കെ മണൽ ശേഖരമുണ്ട് എന്നതിനെക്കുറിച്ചാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് റിപോർട്ട് കൊടുത്തിട്ടുമുണ്ടാവും. എന്നാൽ ഈ മണൽ ഖനനം നടത്തിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആഘാതപഠനം ഇതുവരെ നടത്തിയതായി അറിവില്ല.
മറ്റെവിടെയെങ്കിലും കടൽ മണൽ ഖനനം മൂലം പരിസ്ഥിതിക്ക് പ്രത്യാഘാതമുണ്ടാക്കിയ സംഭവങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
കടലിൽനിന്നു മണൽ എടുത്തതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിച്ച രാജ്യമാണ് ഇന്തൊനീഷ്യ. അവിടെ മണൽ ഖനനം മൂലം പ്രകൃതിക്കു വലിയ നാശമാണുണ്ടായത്. ഒടുവിൽ സർക്കാർ മണൽകയറ്റുമതി അടക്കം നിർത്തുകയും ചെയ്തു. ഇതിൽനിന്നൊക്കെ നാം പാഠം പഠിക്കേണ്ടതാണ്. അതല്ലാതെ സ്വയം ഇത്തരം പ്രവൃത്തി ചെയ്തു മാത്രമേ പാഠം പഠിക്കൂ എന്ന് ശഠിക്കരുത്. ചൈനയാണ് ഇപ്പോൾ ലോകത്ത് കൂടുതൽ കടൽ ഖനനം ചെയ്യുന്നത്. അവർ ഇതു ചെയ്യുന്നത് അയൽരാജ്യങ്ങളുമായി തർക്കം നിലനിൽക്കുന്ന ചൈനാകടലിൽ പുതിയ കൃത്രിമ ദ്വീപുകൾ നിർമിക്കാൻ വേണ്ടിയാണ്. യുഎഇയിലും കടൽ ഖനനത്തിലൂടെ മണ്ണെടുത്തിട്ടുണ്ട്. എന്നാൽ അവിടുത്തെ പ്രത്യേക സാഹചര്യങ്ങളാണ് ഖനനത്തിലേക്കു നയിച്ചത്.

കടൽ ഖനനം മത്സ്യങ്ങളുടെ വളർച്ചയെ ബാധിക്കുമോ?
മത്സ്യങ്ങളുടെ പ്രത്യേകിച്ചു മത്തിയുടെ വലുപ്പക്കുറവ് ഇപ്പോള്‍ത്തന്നെ വലിയ പ്രശ്നമാണ്. അതിന്റെ കാരണങ്ങൾ പഠിച്ചുവരുന്നതേയുള്ളു. മണൽഖനനം നടക്കുമ്പോൾ ജലത്തിന്റെ സുതാര്യത നഷ്ടമായി ആ പ്രദേശത്ത് സൂര്യപ്രകാശം കടല്‍ത്തട്ടിലേക്കെത്താൻ ബുദ്ധിമുട്ടുണ്ടാവും. ഇത് മത്സ്യങ്ങളുടെ ആഹാരമായ പ്ലവകങ്ങളുടെ വളർച്ചയെ സാരമായി ബാധിക്കും.
കൊല്ലത്തുനിന്നു കടലിലെ മണലെടുത്താൽ അതു ബാധിക്കുക വള്ളം ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാവുമോ ട്രോളറുകളെയാവുമോ?
കൊല്ലത്തുനിന്നു മണലെടുത്താൽ എല്ലാവരെയും ബാധിക്കും. പരമ്പരാഗത തൊഴിലാളികൾ ജലത്തിന്റെ മുകൾപ്പരപ്പിലെ മത്സ്യങ്ങളെ പിടിക്കുമ്പോൾ ട്രോളറിൽ ആഴക്കടലിലെ മത്സ്യബന്ധനമാണ് നടക്കുന്നത്.