‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണ് നോക്ക്, കണ്ണൊന്നും ഇല്ല’: കൊലവിളിച്ച് വിദ്യാർഥികൾ

Mail This Article
കോഴിക്കോട് ∙ താമരശേരി സംഘർഷത്തിൽ വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്ത്. ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊന്നിരിക്കുമെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തിൽ ഉള്ളത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’’ എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ല എന്നാണ് മറ്റൊരു വിദ്യാർഥി പറയുന്നത്. കേസ് ഉണ്ടാവില്ല, കേസ് തള്ളിപ്പോകുമെന്നും വിദ്യാർഥികൾ പരസ്പരം പറയുന്നുണ്ട്.
വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നു പുലർച്ചെയോടെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്.