‘നവീനെ കൊന്നു കളഞ്ഞത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ, പ്രതിഷേധം

Mail This Article
തിരുവനന്തപുരം ∙ നവീൻ ബാബുവിന്റെ മരണം നിയമസഭയിൽ പരാമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നവീനെ കൊന്നു കളഞ്ഞതാണെന്ന് പറഞ്ഞാണ് മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ രാഹുൽ നിയമസഭയിൽ ഉന്നയിച്ചത്. പ്രസംഗത്തിനിടെ രാഹുലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. സമയപരിധി കഴിഞ്ഞു എന്നു പറഞ്ഞു കൊണ്ടാണ് സ്പീക്കറുടെ ചെയറിൽ ഉണ്ടായിരുന്ന സി.കെ. ഹരീന്ദ്രൻ മൈക്ക് ഓഫ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
‘‘നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരായവരെ ഉത്തരവാദിത്തപ്പെട്ട ആളുകൾ സംരക്ഷിക്കരുത്. ബഹുമാനപ്പെട്ട റവന്യു മന്ത്രിയോട് പറയാനുള്ളത്, അങ്ങ് ആ വീട്ടിൽ പോയി കരയുന്നത് കേരളം കണ്ടതാണ്. അങ്ങയുടെ കണ്ണീരിനെ ഞങ്ങൾക്ക് വിശ്വാസമുണ്ട്. എത്ര വലിയ സമ്മർദമുണ്ടായാലും അങ്ങയുടെ കണ്ണീരിനോട് നിരഞ്ജനയുടെയും നിരുപമയുടെയും കണ്ണീരിനോടും...’’ പ്രസംഗം പാതിയെത്തിയപ്പോഴാണ് സി.കെ. ഹരീന്ദ്രൻ മൈക്ക് ഓഫ് ചെയ്തത്. ഇതോടെ സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോരായി. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുത്തളത്തിലേക്കിറങ്ങി.
പ്രതിപക്ഷം ഗുണ്ടായിസം കാണിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്ന് പറഞ്ഞ് എഴുന്നേറ്റ വി.ഡി. സതീശൻ, മന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് സഭാ രേഖകളിൽ നിന്ന് മന്ത്രിയുടെ പരാമർശം നീക്കം ചെയ്തു.