‘മീനച്ചിലിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു; 24 വയസിനു മുമ്പ് അവരെ കല്യാണം കഴിപ്പിക്കണം’

Mail This Article
തിരുവനന്തപുരം ∙ മത വിദ്വേഷ പരാമർശത്തിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ വീണ്ടും പി.സി. ജോർജിന്റെ വിവാദ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നാണ് ജോർജിന്റെ ആരോപണം. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിനു മുൻപു പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയാറാകണം. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ് പി.സി. ജോർജ് പ്രസംഗിച്ചത്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു. ‘‘അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്’’ – ജോർജ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി.സി. ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതും പി.സി. ജോർജ് ജയിലിലായതും. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.