ADVERTISEMENT

ബത്തേരി∙ ബെംഗളൂരുവിൽ പഠിക്കാനെത്തിയ ടാൻസാനിയൻ പൗരൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ കേന്ദ്രമായി മാറിയത് ചുരുങ്ങിയ കാലം കൊണ്ട്. കേരളത്തിലേക്കു ലക്ഷങ്ങളുടെ ലഹരിമരുന്നു കടത്തിയ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ പിടികൂടിയതോടെ ലഹരിക്കടത്തിന്റെ ചങ്ങല പൊട്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്. കഴിഞ്ഞ മാസം 24ന് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ ഷെഫീക് (30) എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണു പ്രിൻസിലേക്ക് അന്വേഷണം സംഘം എത്തിയത്.

ബെംഗളൂരുവിൽ കർണാടക ഗവ.കോളജിൽ ബിസിഎ വിദ്യാർഥിയാണ് പ്രിൻസ്. വല്ലപ്പോഴും മാത്രം ക്ലാസിൽ പോയിരുന്ന പ്രിൻസിന് പ്രധാന ജോലി ലഹരിമരുന്ന് കച്ചവടമായിരുന്നു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആ‍ഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ബെംഗളൂരുവിലെ പല കേന്ദ്രങ്ങളിൽനിന്ന് രാസലഹരി എത്തിക്കുകയും തുടർന്നു കേരളത്തിലേക്ക് കടത്തുകയുമാണു ചെയ്തിരുന്നത്. മലയാളികളുൾപ്പെടെ ഒട്ടേറെപ്പേർ പ്രിൻസുമായി ഇടപാട് നടത്തുന്നുണ്ടെന്നാണു വിവരം. അന്വേഷണത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.

2021ലാണ് പ്രിൻസ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയതെന്നു ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ് മനോരമ ഓൺലൈനോട് പറഞ്ഞു. 2024ൽ കോഴ്സ് പൂർത്തിയായെങ്കിലും പല വിഷയങ്ങൾക്കും തോറ്റുപോയതിനാൽ ഇക്കാരണം ചൂണ്ടിക്കാട്ടി ബെംഗളൂരുവിൽ തന്നെ തുടർന്നു. ലഹരി വ്യാപാരമായിരുന്നു ഇയാളുടെ ലക്ഷ്യം. രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട്.

LISTEN ON

മുൻപും നിരവധി അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നെന്നാണു വിവരം. ഇയാൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കും. മൂന്നു വർഷത്തിനിടെ ബെംഗളൂരുവിൽനിന്ന് വയനാട്ടിലൂടെ എംഡിഎംഎ കടത്തുന്നതു വൻ തോതിൽ വർധിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പ്രധാന മാർക്കറ്റ്. എറണാകുളത്തേക്കു വരെ വയനാട് വഴി എംഡിഎംഎ കടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പേരിൽ അക്കൗണ്ടില്ലാത്ത പ്രിൻസ് മറ്റുള്ളവരുടെ പേരിലെടുത്ത വ്യാജ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തിയിരുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർ അക്കൗണ്ടിലേക്കു പണം അയച്ചിട്ടുണ്ടെന്നാണ് വിവരം. മുത്തങ്ങയിൽ പിടിയിലായ മലപ്പുറം സ്വദേശി ഷെഫീഖും പ്രിൻസിന് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ‌പ്രിൻസിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത വെളുത്ത പൊടി രാസലഹരിയാണോ, ലഹരിമരുന്ന് ഉണ്ടാക്കുന്നതിനുള്ള മരുന്നാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

ബത്തേരി പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ദിവസങ്ങളായി ബെംഗളൂരുവിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഞായറാഴ്ച രാത്രി പ്രിൻസിനെ ബെംഗളൂരുവിലെ ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. ലഹരി മരുന്നെന്ന് കരുതുന്ന നൂറു ഗ്രാം പൊടിയും പിടിച്ചെടുത്തു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. ‌വരും ദിവസങ്ങളിൽ മലയാളികളുൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പൊലീസ് കരുതുന്നത്.

English Summary:

Drug Case Arrest:Tanzanian National's arrest reveals a massive operation involving MDMA and numerous Malayalis, leading to further investigations in Bengaluru and Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com