വർക്കലയിലെ ‘പിശുക്കൻ’, കോടികളുടെ തട്ടിപ്പുവീരൻ; അലക്സേജിന്റെ തനിനിറം ഞെട്ടിക്കുന്നത്

Mail This Article
തിരുവനന്തപുരം ∙ വർക്കല കുരയ്ക്കണ്ണിയിൽ ബീച്ചിനോടു ചേർന്ന് 2 നില വീട്ടിൽ, അറുപിശുക്കനെപ്പോലെ താമസിച്ചിരുന്നയാളുടെ തട്ടിപ്പിന്റെ വലുപ്പം കണ്ട് ആദ്യം ഞെട്ടിയത് വീടു വാടകയ്ക്ക് നൽകിയ വർക്കല സ്വദേശി എ. സലീമാണ്. 8 വർഷം മുൻപ് വീട് വാടകയ്ക്ക് എന്ന ബോർഡ് കണ്ടാണ് സലീമിനെ അലക്സേജ് വിളിക്കുന്നത്. വന്നു കണ്ടയുടൻ അഡ്വാൻസ് കൊടുത്തു. വർഷം 3 ലക്ഷം രൂപ വാടക. അലക്സേജ് ഭാര്യ യൂലിയയുടെ ഒപ്പമാണ് താമസിക്കാനെത്തുന്നത്.
റഷ്യയിൽ നിന്നുള്ള മൂന്നോ നാലോ കുടുംബ സുഹൃത്തുക്കളും അവരുടെ കുടുംബവുമാണ് അലക്സേജിനെക്കൂടാതെ ഇവിടെ വന്നുപോകുന്നത്. ബിസിനസ് പാർട്നറായ റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയുമായി പിന്നീട് സലീമിനെ കാണാനെത്തി. അലക്സാണ്ടറും സലീമുമായി അടുപ്പം പുലർത്തി.
ഐടി കമ്പനിയിൽ ജോലിയെന്നാണ് സലീമിനോട് പറഞ്ഞിരുന്നത്. അലക്സേജിന്റെ ജീവിതത്തിലെ ‘പിശുക്ക്’ കണ്ടപ്പോൾ സംശയം തോന്നിയുമില്ല. 12,000 രൂപയുടെ സ്കൂട്ടർ വാങ്ങി. സ്റ്റാർട്ടാവാതെ വന്നാലും സ്വയം അറ്റകുറ്റപ്പണി നടത്തി ഓടിക്കും. വീട്ടിലെ ടാപ്പ് കേടായാൽ ചെറിയ തുക പോലും മുടക്കാതെ വീട്ടുടമയെ കാത്തിരിക്കും. ഹോട്ടലുകളിൽ പോയി അധികം ഭക്ഷണം കഴിക്കാറില്ല. വാടക കുറയ്ക്കുന്നതിന് എല്ലാ വരവിലും വിലപേശും. പാചകത്തിനും ജോലിക്കാരെ വിളിക്കാറില്ല. വാടക വർധിപ്പിക്കണമെന്ന 5 വർഷമായുള്ള ആവശ്യത്തിന് കഴിഞ്ഞവർഷമാണ് വഴങ്ങിയത്.
വർക്കല കനറാ ബാങ്കിൽ ഇദ്ദേഹം അക്കൗണ്ട് എടുത്തിരുന്നു. ബീച്ചിലെത്തിയാൽ മറ്റു വിദേശികൾ അർധരാത്രിയിലും ആഘോഷം തുടരുമെങ്കിലും അലക്സേജ് രാത്രി 9 നു മുൻപ് തന്നെ മടങ്ങും. വർക്കല സ്വദേശികളായ സെബിനും അഹാദും റഷ്യയിലേക്കു പോയപ്പോഴാണ്, വർക്കലയിൽ സാധാരണക്കാരനെ പോലെ നടന്നിരുന്ന റഷ്യക്കാരൻ അലക്സാണ്ടറുടെ തനിരൂപം കാണുന്നത്. 2 കപ്പൽ നിർമാണ കമ്പനിയുടെ ഉടമയാണ് അലക്സാണ്ടർ എന്നാണ് റഷ്യയിൽനിന്ന് അവർക്ക് ലഭിച്ച വിവരം. ഇരുവരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിലകൂടിയ കാറുകളുടെ ശേഖരം തന്നെ അലക്സാണ്ടറിനുണ്ട്.