ചോദ്യപ്പേപ്പർ ചോർച്ച: കേസിനു പിന്നിൽ പ്രമുഖ സ്ഥാപനമെന്ന് ആവർത്തിച്ച് ഷുഹൈബ്; ജാമ്യപേക്ഷ തള്ളി

Mail This Article
താമരശ്ശേരി∙ ചോദ്യക്കടലാസ് ചോർത്തിയ കേസിലെ മുഖ്യപ്രതി എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യപേക്ഷ തള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണു ജാമ്യപേക്ഷ തള്ളിയത്. ഇന്നലെ പരിഗണിച്ച കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു. നാലാം പ്രതി അബ്ദുൽ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടുകയും ചെയ്തു. നേരത്തെ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കേസിൽ കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. കൊടുവള്ളി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ, മലപ്പുറത്തെ സ്കൂൾ ജീവനക്കാർ എന്നിവരെയാണു ചോദ്യം ചെയ്യുക. ചോദ്യക്കടലാസ് ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്നാണ് മുഹമ്മദ് ഷുഹൈബിന്റെ വാദം. കേസിനു പിന്നിൽ പ്രമുഖ സ്ഥാപനമുണ്ടെന്നും ഷുഹൈബ് ആരോപിച്ചു.
മലപ്പുറത്തെ സ്കൂൾ ജീവനക്കാരനായ അബ്ദുൽ നാസറാണ് ചോദ്യക്കടലാസ് ചോർത്തി എംഎസ് സൊലൂഷൻസിലെ അധ്യാപകർക്കു നൽകിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ നേരത്തെ അറസ്റ്റ് ചെയ്തു. കൂടുതൽ ട്യൂഷൻ സെന്ററുകൾക്കു ചോദ്യക്കടലാസ് ചോർത്തിയതിൽ പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. അതേസമയം, ഷുഹൈബുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയും എംഎസ് സൊലൂഷൻ, എസ്എസ്എൽസി സാധ്യതാ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.