കഠ്വയിൽ ഭീകരാക്രമണം: 3 പൊലീസുകാർക്ക് വീരമൃത്യു; ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ചു

Mail This Article
ജമ്മു ∙ ജമ്മു കശ്മീരിൽ കഠ്‌വ ജില്ലയിലെ വനമേഖലയിൽ ഭീകരാക്രമണത്തിൽ 3 പൊലീസുകാർ വീരമൃത്യു വരിച്ചു. പൊലീസ് ഡിഎസ്പി ഉൾപ്പെടെ 7 സുരക്ഷാ സേനാംഗങ്ങൾക്കു പരുക്കേറ്റു. ഏറ്റുമുട്ടലിൽ 3 പാക്ക് ഭീകരരെ സേന വധിച്ചു. കനത്ത വെടിവയ്പു നടന്ന വിദൂര വനമേഖലയിൽ ഭീകരസംഘത്തിലെ മറ്റു 3 പേർക്കായി തിരച്ചിൽ ശക്തമാക്കി.
ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്ഒജി) നേതൃത്വത്തിൽ പൊലീസിന്റെയും സൈന്യത്തിന്റെയും അർധസേനാവിഭാഗങ്ങളുടെയും പിന്തുണയോടെയായിരുന്നു ഭീകരരെ നേരിട്ടത്. കഠ്‌വ മേഖലയിലെ സന്യാൻ വനത്തിൽ കഴിഞ്ഞ ഞായറാഴ്ച സുരക്ഷാസേനയെ വെട്ടിച്ചുകടന്ന ഭീകരസംഘമാണോ അതോ പുതിയ സംഘമാണോ ഇന്നലെ ആക്രമണം നടത്തിയതെന്നു വ്യക്തമല്ല. ഭീകരരെ കണ്ടെത്താൻ 5 ദിവസമായി മേഖലയിൽ സുരക്ഷാസേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.