കനയ്യയുടെ സന്ദർശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലമൊഴിച്ച് കഴുകി, വിവാദം: ‘തൊട്ടുകൂടാത്തവരായാണോ കാണുന്നത്’

Mail This Article
പട്ന∙ കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. ‘പലായൻ റോക്കോ, നൗക്കരി ദോ’ (കുടിയേറ്റം അവസാനിപ്പിക്കുക, ജോലി നൽകുക) എന്ന പേരിൽ കനയ്യ കുമാർ ബിഹാറിലുടനീളം നടത്തിയ യാത്രയ്ക്കിടെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. പിന്നാലെയാണ് പ്രദേശവാസികൾ ക്ഷേത്രം കഴുകി വൃത്തിയാക്കിയതെന്നാണ് ആരോപണം.
ക്ഷേത്രം വൃത്തിയാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ യുവാക്കൾ ചേർന്ന് ക്ഷേത്രത്തിൽ വെള്ളം ഒഴിച്ച് കഴുകുന്നതു കാണാം. സംഭവം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഇതര പാർട്ടികളുടെ അനുയായികളെ തൊട്ടുകൂടാത്തവരായാണോ ബിജെപിയും ആർഎസ്എസും കണക്കാക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. വിഷയത്തിൽ കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.