ADVERTISEMENT

തിരുവനന്തപുരം / കോഴിക്കോട് ∙ എമ്പുരാനെതിരായ വിവാദങ്ങൾക്കിടെ സിനിമ കണ്ട് കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംഘടിത ആക്രമണം നടത്തുന്നത് എന്തിനെന്ന ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ. വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് ഈ സിനിമയ്ക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു. 

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നത്. സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ് എന്നും വേണുഗോപാൽ ആരോപിച്ചു. 

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണമാണ്. ആർഎസ്എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയതെന്നും വേണുഗോപാൽ പറഞ്ഞു. 

സിനിമ ഒരു തുടർച്ചയാണല്ലോയെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂർത്തിയാകുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉൽപാദിപ്പിക്കുന്ന സിനിമയാണ് ഇത്. കലയെ കലയായി കാണണം. നടന്ന സംഭവങ്ങങ്ങളുടെ അവതരണം ആണ് സിനിമയിൽ. ഫാഷിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയും. താൻ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

mohammed-riyas
എമ്പുരാൻ കാണാൻ ഭാര്യ വീണാ വിജയനൊപ്പം തിയറ്ററിലെത്തിയ മുഹമ്മദ് റിയാസ്. Image Credit: Special Arrangement

ഗുജറാത്ത് വംശഹത്യ രാജ്യംകണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ് എന്ന് മുഹമ്മദ് റിയാസ് സിനിമ കണ്ട ശേഷം പറഞ്ഞു. അതിന് നേതൃത്വം കൊടുത്തത് ആരാണെന്ന് കേരളത്തിലെ ഒന്നാംക്ലാസിലെ കുട്ടിക്കുവരെ മനഃപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. അതില്‍ വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഏത് ആശയമാണ്, ഗുജറാത്ത് വംശഹത്യ ഏത് ആശയത്തിന്റെ ഭാഗമായാണ് എന്നൊക്കെ മലയാളിക്ക് മനഃപാഠമാണ്. അത് ഒരു സിനിമയില്‍ വരുമ്പോള്‍, ആ സിനിമ അങ്ങനെയങ്ങ് മുന്നോട്ടുപോവേണ്ട എന്ന നിലപാട് സംഘപരിവാര്‍ ശക്തികള്‍ സ്വീകരിച്ചതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

English Summary:

Political Leaders Unite to Defend Empuraan Against Sangh Parivar's Alleged Attacks: K.C.Venugopal, M.V.Govindan and P.A.Muhammad Riyas watch Empuraan.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com