‘വഖഫ് ബിൽ പാസാക്കിയത് നല്ലതാണ്; സിപിഎമ്മും കോൺഗ്രസും ചെയ്തതെന്തെന്നത് പാർലമെന്റിൽ കണ്ടു’

Mail This Article
ആലപ്പുഴ ∙ ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനമെന്നും അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്. ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കണിച്ചുകുളങ്ങരയിലെ വസതിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായ കൂടികാഴ്ചയല്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. വെള്ളാപ്പള്ളി നടേശൻ ചില നിർദേശങ്ങൾ തന്നിട്ടുണ്ടെന്നും അത് താൻ മനസ്സിൽവച്ച് പ്രവർത്തിക്കുമെന്നും കൂടികാഴ്ചക്കു ശേഷം രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
‘‘രാഷ്ട്രീയക്കാരുടെ വളവ് തിരിവുകൾ അറിയാത്ത ശുദ്ധനായ രാഷ്ട്രീയക്കാരനാണ് രാജീവ് ചന്ദ്രശേഖർ. ഗ്രൂപ്പിസമില്ലാത്ത ഒരു ബിജെപിയായി മാറാനുള്ള സാഹചര്യം നിലവിൽ ഉണ്ട്. രാഷ്ട്രീയമായി അദ്ദേഹത്തിന് ചില കാഴ്ചപ്പാടുകൾ ഉണ്ട്. ബിജെപിയിൽ ഒരുപാട് പേർ നേതാവാകാൻ നടക്കുകയാണ്. എല്ലാവരെയും സമന്വയിപ്പിച്ചു കൊണ്ട് പോകാനുള്ള കഴിവുള്ള നേതാവാണ് രാജീവ്.’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വഖഫ് ബിൽ പാസാക്കിയത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ‘‘ബില്ല് മുസ്‌ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ട്. മുനമ്പത്ത് അത്രയും പഴക്കമുള്ള ഭൂമിയിൽനിന്നു താമസക്കാരെ ഇറക്കി വിടുന്നത് ശരിയല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്തു.’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.