യശ്വന്ത് വർമ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു; ‘മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല’

Mail This Article
പ്രയാഗ്‌രാജ്∙ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതലയിൽനിന്നു വിട്ടുനിൽക്കും. യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹാബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
അലഹാബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് വർമയെ സ്ഥലംമാറ്റാനുള്ള നീക്കം നേരത്തെ തന്നെ വിവിധ ബാർ അസോസിയേഷനുകൾ എതിർത്തിരുന്നു. ഔദ്യോഗിക വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് ജസ്റ്റിസ് യശ്വന്ത് വർമ. ജഡ്ജിയുടെ വസതിയിൽ തീപിടിക്കുകയും തുടർന്ന് തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം കെട്ടുകണക്കിനു പണം കണ്ടെത്തുകയുമായിരുന്നു. കറൻസി നോട്ടുകൾ കിടക്കുന്നതിന്റെ വിഡിയോ ഫയർ ഫോഴ്സ് റെക്കോർഡ് ചെയ്ത് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. അവർ സർക്കാരിനെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും വിവരം അറിയിച്ചു. മാർച്ച് 14നാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകൾ കണ്ടെടുക്കുന്നത്.